ധനവകുപ്പിനെ സംരക്ഷിക്കുക; KSR എടുത്തു മാറ്റിയതിനെതിരെ ജീവനക്കാർ

KN Balagopal and Pinarayi vijayan Kerala Government Secretariat

ധനവകുപ്പില്‍ നിന്ന് കേരള സർവീസ് റൂള്‍ (KSR) എടുത്തുമാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലെ ധനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ രംഗത്ത്. കെഎസ്ആർ എടുത്തുമാറ്റിയ തീരുമാനം ധനകാര്യവകുപ്പിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകളെ കാര്യമായി ബാധിക്കുമെന്നും, അഡ്വൈസറി സ്വഭാവമുള്ള അനേകം തസ്തികകൾ വകുപ്പിൽ വെട്ടിനിരത്തപ്പെട്ടാൽ നിലവിലുള്ള തസ്‌തികകളില്‍ അൻപത് ശതമാനത്തിലധികം വകുപ്പിന് നഷ്ടപ്പെടുമെന്നും അസോസിയേഷൻ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി പ്രദീപ് കുമാർ എസ് പുറത്തിറക്കിയ കുറിപ്പിന്റെ പൂർണ്ണരൂപം

ധനവകുപ്പിനെ സംരക്ഷിക്കുക

ഒരു ജനാധിപത്യസർക്കാരിന്റെ കർത്തവ്യങ്ങളിൽ പരമപ്രധാനമാണ് സംസ്ഥാനത്തിന്റെ ഉത്തമ സാമ്പത്തിക താല്പ‌ര്യങ്ങൾ യാതൊരുവിധമായ സ്വജനപക്ഷപാതത്തിലോ മറ്റു താല്പര്യങ്ങൾക്കോ വഴങ്ങാതെ തികച്ചും നിഷ്പക്ഷമായി നിർവഹിക്കുക എന്നത്. നാളിതു വരെയായി കോളത്തിലേ ധനകാര്യവകുപ്പ് ഇപ്പറഞ്ഞ കർത്തവ്യം വളരെ പ്രശംസനീയമായി തന്നെ കൈകാര്യം ചെയ്‌തുവരുന്നുണ്ട് എന്നത് എടുത്തുപറയത്തക്കതാണ്.

എന്നാൽ ഈ രീതിയില്‍ കർശന സാമ്പത്തിക അച്ചടക്കം ധനവകുപ്പ് സ്വീകരിക്കുമ്പോൾ സ്വാഭാവികമായും വകുപ്പിനെ സംബന്ധിച്ച് മറ്റുള്ള വകുപ്പുകളിൽ നിന്ന് മാത്രമല്ല ചില സങ്കുചിത താല്പര്യക്കാരിൽ നിന്നുൾപ്പടെ ധാരാളം വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും വരവിനനുസരിച്ച് ചിലവുകൂടി നിയന്ത്രിക്കപ്പെടേണ്ടതാണെന്ന ബോധത്തില്‍ കർശന നിലപാടുകൾ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന സഭാവികപ്രതികരണങ്ങൾ മാത്രമാണ് ഇവയെന്നതാണ് യാഥാർഥ്യം

എന്നാൽ കഴിഞ്ഞ എട്ടുവർഷത്തിലധികമായി അധികാരത്തിലിരിക്കുന്ന ഇടത് സർക്കാരിന്റെ കാലയളവിൽ ധനവകുപ്പിനെയൊന്നാകെ തകർക്കുന്ന സാമീപനങ്ങളാണ് കൈകൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് അശാസ്ത്രീയമായി തയ്യാറാക്കിയ Work Study Report ഉം അതിനെ തുടർന്ന് കഴിഞ്ഞ കാബിനറ്റിൽ ധനകാര്യവകുപ്പിൽ നിന്ന് KSR എടുത്തുമാറ്റുന്നതിനുമുള്ള തീരുമാനവുമെടുത്തത്. ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ വിഷയങ്ങൾ ഒരുപരിധിവരെ സാമ്പത്തിക ആനുകുല്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ധനകാര്യവകുപ്പ്പ്രത്യേക അസ്ഥിത്വ (Entity) മായി നിലനിൽക്കുന്നതുകൊണ്ടുതന്നെ ജീവനക്കാരുടെ സർവ്വീസ് വിഷയങ്ങളിൽ വകുപ്പ് സ്വീകരിക്കുന്ന തീരുമാനങ്ങൾക്ക് ഒരു വിശുദ്ധത (Sanctity) ഉണ്ട് എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

കൂടാതെ ഈ തീരുമാനം ധനകാര്യവകുപ്പിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകളെ കാര്യമായി ബാധിക്കും എന്ന സാഹചര്യം കൂടിയാണ് സൃഷ്ടിക്കപ്പെടുക. നിലവില്‍ KSR കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട സെക്ഷനുകൾ ഉൾപ്പെടെ അഡ്വൈസറി സ്വഭാവമുള്ള അനേകം തസ്തികകൾ വകുപ്പിൽ വെട്ടിനിരത്തപ്പെട്ടാൽ നിലവിൽ ഉള്ള തസ്‌തികകൾ അൻപത് ശതമാനത്തിലധികം വകുപ്പിന് നഷ്ടപ്പെടും എന്നതുറപ്പാണ്.

ഇങ്ങനെ നമുക്ക് നഷ്ടപ്പെടുന്ന തസ്ത‌ികകൾ എല്ലാം പൊതുഭരണവകുപ്പിൽ അവരുടെ തസ്‌തികകളായി മാറുമ്പോൾ നഷ്ടം സംഭവിക്കുന്നത് ഈ വകുപ്പിലെ ജീവനക്കാർക്ക് മാത്രമാണ്. ഇത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയുന്ന കാര്യമല്ല ഈ സാഹചര്യത്തിൽ KSR ധനകാര്യവകുപ്പിൽ നിന്നും എടുത്ത് മാറ്റുന്നതിനുള്ള കാബിനറ്റ് തീരുമാനം പുനപരിശോധിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് ബഹു മുഖ്യമന്ത്രി, ധനകാര്യവകുപ്പ് മന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ധനവകുപ്പ് ജീവനക്കാർ ഒപ്പിട്ട ഹർജി നൽകുന്നു. ആയതിലേക്ക് എല്ലാ വകുപ്പ് ജീവനക്കാരും സംഘടനാഭേദമെന്യേ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments