ആശ്രിത നിയമനം: ജീവനക്കാരൻ മരണമടഞ്ഞ് ഒരു വർഷത്തിനകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം

വരുമാനം കണക്കാക്കുമ്പോൾ മരണമടഞ്ഞ ജീവനക്കാരന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കേണ്ടതില്ല

ആശ്രിത നിയമനത്തിന് ജീവനക്കാരൻ മരണമടഞ്ഞ് ഒരു വർഷത്തിനകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് സർക്കുലർ. വരുമാനം കണക്കാക്കുമ്പോൾ മരണമടഞ്ഞ ജീവനക്കാരന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കേണ്ടതില്ലെന്നും റവന്യു വകുപ്പ് ഇറക്കിയ സർക്കുലർ വ്യക്തമാക്കുന്നു. 8 ലക്ഷമോ അതിൽ താഴെയോ വരുമാനം ഉള്ളവർക്കാണ് ആശ്രിത നിയമനത്തിന് അർഹത.

മരണമടഞ്ഞ ജീവനക്കാരന്റെ വരുമാനം ഉൾപ്പെടുത്തുന്നതിനോ ഉൾപ്പെടുത്താതിരിക്കുന്നതിനോ പ്രത്യേകമായ വ്യവസ്ഥകൾ ഒന്നും തന്നെ നൽകിയിട്ടില്ല. എങ്കിലും, ആശ്രിത നിയമനത്തിന്റെ ഉദ്ദേശ്യമെന്നത് ജീവനക്കാരൻ മരണമടയുന്ന സമയത്ത് കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമേകുക എന്നതാണ്.

അതിനാൽ ജീവനക്കാരന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തികനില പരിശോധിക്കുന്നതിലേയ്ക്കാണ് വരുമാന സർട്ടിഫിക്കറ്റ് നിഷ്‌ക്കർഷിക്കുന്നതെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു. വരുമാനം കണക്കാക്കുമ്പോൾ മരണമടഞ്ഞ ജീവനക്കാരന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കേണ്ടതില്ലെന്നും സർക്കുലർ നിഷ്‌കർഷിക്കുന്നു.

Kerala Compassionate Employment Scheme Circular

സർക്കുലറിന്റെ പൂർണ്ണരൂപം:

ആശ്രിത നിയമനത്തിന് അപേക്ഷിക്കുന്നതിലേയ്ക്കായി അപേക്ഷകൻ സമർപ്പിക്കേണ്ട വരുമാന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ മരണമടഞ്ഞ് ഒരു വർഷത്തിന് ശേഷം വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റുകൾ പരിഗണിക്കാവുന്നതാണോയെന്നതിന്മേൽ സ്പഷ്ടീകരണം നൽകണമെന്ന് സൂചന (3) പ്രകാരം ലാൻഡ് റവന്യൂ കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സൂചന (2) പ്രകാരം ജീവനക്കാരൻ മരണമടഞ്ഞ് ഒരു വർഷത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് റവന്യൂ അധികാരികളിൽ നിന്നും വാങ്ങണം എന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. സൂചന (1) ഉത്തരവിലെ ഖണ്ഡിക 13 പ്രകാരം കുടുംബത്തിന്റെ വരുമാനം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആയതിൽ മരണമടഞ്ഞ ജീവനക്കാരന്റെ വരുമാനം ഉൾപ്പെടുത്തുന്നതിനോ ഉൾപ്പെടുത്താതിരിക്കുന്നതിനോ പ്രത്യേകമായ വ്യവസ്ഥകൾ ഒന്നും തന്നെ നല്കിയിട്ടില്ല. എന്നിരുന്നാലും ആശ്രിത നിയമനത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്നത് ജീവനക്കാരൻ മരണമടയുന്ന സമയത്ത് കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമേകുക എന്നതാണ്. അതിനാൽ ജീവനക്കാരന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തികനില പരിശോധിക്കുന്നതിലേയ്ക്കാണ് വരുമാന സർട്ടിഫിക്കറ്റ് നിഷ്‌ക്കർഷിക്കുന്നത്.

മേൽ സാഹചര്യത്തിൽ ആശ്രിത നിയമനത്തിന് അപേക്ഷിക്കുന്നതിലേയ്ക്കായി അപേക്ഷകൻ സമർപ്പിക്കേണ്ടത് ജീവനക്കാരൻ മരണമടഞ്ഞ് ഒരു വർഷത്തിനകമുള്ള വരുമാന സർട്ടിഫിക്കറ്റാണ് എന്നും അപ്രകാരം വരുമാനം കണക്കാക്കുമ്പോൾ മരണമടഞ്ഞ ജീവനക്കാരന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കേണ്ടതില്ലായെന്നും ഇതിനാൽ നിഷ്‌കർഷിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments