
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ അന്തരിച്ചു!
കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ 19ാം ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ കൃഷ്ണയെ പത്മ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.
ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം നേരത്തേ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.
രാഷ്ട്രീയ ജീവിതം
1968-ൽ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എസ്.എം. കൃഷ്ണ കടന്നുവന്നത്. അഞ്ചാം ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 1972-ൽ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോയി. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം, വാണിജ്യ, വ്യവസായ, പാർലമെന്ററി കാര്യ മന്ത്രിയായി (1972-1977).
പിന്നീട് 1980-ൽ, കൃഷ്ണ ലോകസഭയിലേക്ക് തിരിച്ചെത്തി. 1983-84 കാലയളവിൽ വ്യവസായ സംസ്ഥാന മന്ത്രിയായും 1984-85 കാലയളവിൽ ധനകാര്യ സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1989-1992 കാലയളവിൽ കർണാടക നിയമസഭാ സ്പീക്കറായിരുന്നു. പിന്നീട് 1996-ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, 1999 ഒക്ടോബർ വരെ ഉന്നതസഭയിൽ അംഗമായിരുന്നു. ഇതിനിടയിൽ, 1982-ൽ ഐക്യരാഷ്ട്രസഭയിലേക്ക് ഇന്ത്യൻ പ്രതിനിധി സംഘത്തിലും അംഗമായിരുന്നു. 1990-ൽ യുകെയിലെ വെസ്റ്റ്മിൻസ്റ്ററിൽ നടന്ന കോമൺവെൽത്ത് പാർലമെന്ററി സെമിനാറിൽ പ്രതിനിധിയായി പങ്കെടുത്തു.
1999 ഒക്ടോബർ മുതൽ 2004 മെയ് വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം, 2004 ഡിസംബറിൽ മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റു. ആറ് ദശാബ്ദത്തിലേറെ നീണ്ട കരിയറിൽ, 2009-2012 കാലഘട്ടത്തിൽ മൻമോഹൻ സിംഗ് നേതൃത്വം നൽകിയ യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു.
കോൺഗ്രസുമായി 46 വർഷത്തെ ബന്ധം വിച്ഛേദിച്ച് 2017-ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കോൺഗ്രസ് ‘ആശയക്കുഴപ്പത്തിലാണ്’ എന്ന് പറഞ്ഞാണ് അദ്ദേഹം പാർട്ടി വിട്ടത്. 2023-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ്, സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി കൃഷ്ണ പ്രഖ്യാപിച്ചു.
‘ബ്രാൻഡ് ബാംഗളൂരു’
ബ്രാന്റ് ബാംഗളൂരു എന്ന ബ്രാന്റ് പ്രമോട്ടറായാണ് മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ വിശേഷിപ്പിക്കപ്പെടുന്നത്. കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത്, കാലിഫോർണിയയിലെ സിലിക്കൺ വാലിയ്ക്ക് ബദലായി ബാംഗളൂരിലെ വിവര സാങ്കേതിക മേഖല വളർന്നു, നിരവധി യുവാക്കൾക്ക് തൊഴിൽ സൃഷ്ടിച്ചു.
2022-ൽ, ‘ബ്രാൻഡ് ബാംഗളൂരു’ സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കൃഷ്ണ കത്ത് എഴുതിയിരുന്നു. 1999-ൽ കൃഷ്ണ സർക്കാർ രൂപീകരിച്ച ബാംഗളൂർ അജണ്ട ടാസ്‌ക് ഫോഴ്‌സിനെ (BATF) പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. നഗര വികസനത്തിനായി ഭാവി കാഴ്ചപ്പാടോടെ ഒരു രൂപരേഖ തയ്യാറാക്കാൻ വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയതായിരുന്നു BATF.