
ജീവനക്കാർ സമരമുഖത്ത്! 36 മണിക്കൂർ സത്യഗ്രഹ സമരം ആരംഭിച്ചു
അവകാശങ്ങള്‍ക്കുവേണ്ടി സമരമുഖത്ത് അണിനിരന്ന് സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും. സെക്രട്ടേറിയറ്റിന് മുന്നില്‍ 36 മണിക്കൂർ സത്യഗ്രഹ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അധ്യാപക-സർവീസ് സംഘടനാ സമര സമിതി. ഭരണമുന്നണിയിലെ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് സത്യഗ്രഹ സമരം. സത്യഗ്രഹ സമരം ഇന്ന് രാവിലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

പെൻഷൻ സംരക്ഷണത്തിനായി ജീവനക്കാരും അധ്യാപകരും വീണ്ടും സമരമുഖത്തേക്ക്. അധ്യാപക-സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ 36 മണിക്കൂർ രാപ്പകൽ സത്യഗ്രഹ സമരത്തിന് ഇന്ന് തുടക്കമായി. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത – ശമ്പള പരിഷ്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

പകൽ സമയം 5000 പേരും രാത്രിയിൽ 2000 പേരും സമര വോളണ്ടിയർമാരായി പങ്കെടുക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും പെൻഷൻ വിഹിതം ഈടാക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുകയാണെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. പങ്കാളിത്ത പെൻഷൻ സാമ്പത്തിക കൊള്ളയ്ക്കുവേണ്ടിയുള്ള പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ് പല സംസ്ഥാനങ്ങളും ഇത് പിൻവലിക്കുന്നതിന് തയ്യാറായി. എന്നാൽ എന്നും പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള കോർപറേറ്റ് സാമ്പത്തിക നയത്തെ എതിർക്കുന്ന കേരളത്തിൽ അത് തുടരുന്നു എന്നത് ഖേദകരമാണ്. സർക്കാർ ഇടതുപക്ഷ നയങ്ങളിൽ നിന്നും പിറകോട്ട് പോകരുതെന്ന് അവർ പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരിയിൽ സൂചനാ പണിമുടക്കും തുടർന്ന് അനിശ്ചി തകാല പണിമുടക്കും സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വൈകിട്ട് നാലിന് പൊതു സേവനങ്ങളും ഭരണഘടനയും എന്ന വിഷയത്തിലുള്ള സെമിനാർ ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് ഉദ്ഘാ ടനം ചെയ്യും. രാത്രി പത്തിന് ജീവനക്കാരുടെയും അധ്യാപകരുടെയും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ വൈകിട്ട് ആറിന് സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.