സംസ്ഥാനത്ത് പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും 2024 ലെ സ്വത്ത് വിവര പത്രിക SPARK വഴി 205 ജനുവരി 15നകം സമർപ്പിക്കണമെന്ന് സർക്കുലർ. വീഴ്ച്ചവരുത്തുന്നവർക്കെതിരെ ശിക്ഷണ നടപടികള്‍ക്ക് കാരണമാകുമെന്നും സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് പരിഗണിക്കുന്നതല്ലെന്നും സർക്കുലർ പറയുന്നു.
സർക്കുലറിന്റെ പൂർണ്ണരൂപം:
1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 37, 39 എന്നിവ പ്രകാരം പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും വാർഷിക സ്വത്ത് വിവര പത്രിക ഓരോ വർഷവും ജനുവരി 15 നകം സമർപ്പിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാരും പ്രതിവർഷ സ്വത്ത് വിവര പത്രിക SPARK സോഫ്റ്റ് വെയർ മുഖേന ഓൺലൈൻ ആയി ഫയൽ ചെയ്യുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.
വാർഷിക സ്വത്ത് വിവര പത്രിക യഥാസമയം സമർപ്പിക്കാതിരിക്കുന്നത് ശിക്ഷണ നടപടികൾക്ക് കാരണമാകുമെന്നും അത്തരം ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് പരിഗണിക്കുന്നതല്ല എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ആയതിനാൽ, പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും 2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക SPARK സോഫ്റ്റ് വെയർ മുഖേന ഓൺലൈൻ ആയി 2025 ജനുവരി 15 നകം സമർപ്പിക്കേണ്ടതാണെന്നും, വാർഷിക സ്വത്ത് വിവര പത്രിക യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശിക്ഷണ നടപടികൾക്ക് കാരണമാകുമെന്നും അത്തരം ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് പരിഗണിക്കുന്നതല്ല എന്നും ഇതിനാൽ നിർദ്ദേശം നൽകുന്നു.