നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കാസർകോഡ് ജില്ലാ നിയമ ഓഫീസറുമായ ആകാശ് രവിയെ സർവീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം ഉള്‍കൊള്ളുന്ന നോട്ടീസ് വിതരണം ചെയ്തതിന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ നേതാവ് അകാശ് രവിക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സസ്പെൻഷൻ. പാലക്കാട് ജില്ലാ നിയമ ഓഫീസറായി പ്രവർത്തിക്കുമ്പോള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലും അകാശ് രവി നടപടി നേരിടുകയാണ്. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ചതിനാണ് ഇപ്പോഴത്തെ സസ്പെഷൻഷൻ.
സസ്പെൻഷൻ ഉത്തരവിന്റെ പൂർണ്ണരൂപം വായിക്കാം –
നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് എന്ന സംഘടന നേതാവുമായ ആകാശ് രവി, മുഖ്യമന്ത്രിയ്ക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ നോട്ടീസ് ടിയാൻ്റെ സംഘടനയുടെ പേരിൽ പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് കഠിന ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനാണ്.
കൂടാതെ, ടിയാൻ പാലക്കാട് ജില്ലാ നിയമ ഓഫീസറായി ജോലി ചെയ്തിരുന്ന കാലയളവിൽ പാലക്കാട് (എൽ ആർ) തഹസിൽദാർ, ഡെപ്യൂട്ടി കളക്ടർ (എൽ ആർ) എന്നിവരുമായി ചേർന്ന് നിയമ വിരുദ്ധ പ്രവൃത്തികൾ നടത്തുന്നതായും കൈക്കൂലി വാങ്ങുന്നതായുമുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനാൽ വിജിലൻസ് അന്വേഷണത്തിന് ജില്ലാ കളക്ടർ ശിപാർശ നൽകുകയും ജില്ലാ നിയമ ഓഫീസറായിരുന്ന ആകാശ് രവിയെ പാലക്കാട് കളക്ടറേറ്റിൽ നിന്നും സ്ഥലം മാറ്റണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും കാസർകോഡ് നിയമ ഓഫീസഫറായി മാറ്റി നിയമിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലും കഠിന ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി നേരിടുകയാണ്.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നോട്ടീസ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ആകാശ് രവിക്കെതിരെ സ്വീകരിച്ചു വരുന്ന അച്ചടക്ക നടപടിക്രമങ്ങളുടെ ഭാഗമായി ഇദ്ദേഹത്തിന് കുറ്റാരോപണ മെമ്മോയും കുറ്റാരോപണ പത്രികയും നൽകുകയും ടിയാൻ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ, അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകുന്നതിൻ്റെ ഭാഗമായി പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായ ജി. ഹരികുമാറിനെ പരാമർശം പ്രകാരം അന്വേഷണ അധികാരിയായി നിയമിക്കുകയും ചെയ്തു. തുടർന്ന് 12.12.2023 ന് അന്വേഷണ അധികാരി ആകാശ് രവിയെ നേരിൽക്കേൾക്കുകയുണ്ടായി.
എന്നാൽ, അൻപതിനായിരം രൂപ നൽകുകയും ദേശാഭിമാനി വരിക്കാരനാകുകയും ചെയ്താൽ അച്ചടക്ക നടപടിയിൽ നിന്നും ഒഴിവാക്കിക്കൊടുക്കാമെന്നു അന്വേഷണ അധികാരിയായ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ജി. ഹരികുമാർ വാഗ്ദാനം നൽകിയെന്നും, ഹിയറിംഗ് പൂർത്തിയായി 5 മാസങ്ങൾക്ക് ശേഷംആകാശ് രവി ആരോപണം ഉന്നയിക്കുകയുണ്ടായി.
കറപുരളാത്ത സർവ്വീസ് ജീവിതത്തിനുടമയായ ഒരു ഉദ്യോഗസ്ഥനെതിരെ തികച്ചും അവാസ്തവമായ കാര്യങ്ങൾ ഹിയറിംഗ് കഴിഞ്ഞ് അഞ്ച് മാസങ്ങൾക്കു ശേഷം രേഖാമൂലം എഴുതി നൽകി, അദ്ദേഹത്തിൻ്റെ സത്യസന്ധതയ്ക്കും ധാർമ്മികതയ്ക്കും കർമ്മോൽസുകതയ്ക്കും കളങ്കമുണ്ടാകുന്ന രീതിയിൽ അരോപണം ഉന്നയിച്ച് അച്ചടക്ക നടപടി വഴി തിരിച്ചു വിടാൻ ശ്രമിച്ച ആകാശ് രവി തികഞ്ഞ അച്ചടക്കലംഘനം നടത്തിയിരിക്കുകയും 1960 – ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കാസർകോഡ് ജില്ലാ നിയമ ഓഫീസറുമായ ആകാശ് രവി (പെൻ- 152273) – യെ 1960 – ലെ കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 10 (1) (a) പ്രകാരം സർക്കാർ സേവനത്തിൽ നിന്നും ഉടൻ പ്രാബല്യത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു ഉത്തരവ് പുറപ്പെടുവിക്കുന്നു. സസ്പെൻഷൻ കായലയളവിൽ ടിയാന് കെഎസ്ആർ ഭാഗം 1, ചട്ടം 55 പ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.