ഭരണ പരിഷ്‌കാര കമ്മീഷന് ചെലവായത് 11.68 കോടി. ഇതിൽ 9 കോടിയും ചെലവായത് ശമ്പളത്തിനു വേണ്ടിയാണ്. പിണറായി ഒതുക്കിയ വി.എസ്. അച്യുതാനന്ദനെ ഇരുത്താൻ ഉപയോഗിച്ച സംവിധാനമായിരുന്നു ഭരണപരിഷ്‌കാര കമ്മീഷൻ. 2016 ൽ വി.എസ്. അച്യുതാനന്ദനെ മുന്നിൽ നിർത്തിയാണ് സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
എന്നാൽ, ഭരണം കിട്ടിയപ്പോൾ വി.എസിനെ ഒതുക്കി പിണറായി മുഖ്യമന്ത്രി പദത്തിൽ എത്തുക ആയിരുന്നു. മുഖ്യമന്ത്രി പദം ലഭിക്കാത്ത വി.എസിന്റെ രോഷം ശമിപ്പിക്കാൻ സിതാറാം യച്ചൂരി മുൻകൈയെടുത്ത് വി.എസിനെ ഭരണ പരിഷ്‌കാര കമ്മീഷന്റെ തലപ്പത്ത് പ്രതിഷ്ടിച്ചു. കാബിനറ്റ് റാങ്കും നൽകി.
മുൻ ചീഫ് സെക്രട്ടറി സി.പി നായരെ കമ്മീഷൻ മെമ്പറാക്കി. ഷീല തോമസ് ആയിരുന്നു കമ്മീഷൻ സെക്രട്ടറി. പതിനൊന്നോളം റിപ്പോർട്ടുകൾ കമ്മീഷൻ സർക്കാരിന് നൽകി. പെൻഷൻ പ്രായം 60 ആക്കണമെന്ന കമ്മീഷൻ ശുപാർശ സർക്കാർ കഴിഞ്ഞ ആഴ്ച തള്ളി. തെരഞ്ഞെടുപ്പ് വർഷത്തിൽ പെൻഷൻ പ്രായം ഉയർത്തിയാൽ തിരിച്ചടി ഉണ്ടാകും എന്ന് മനസിലാക്കിയാണ് പെൻഷൻ പ്രായം ഉയർത്തണ്ട എന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്.
ഏറെ വിവാദമായ കമ്മീഷന്റെ മറ്റൊരു ശുപാർശ സർക്കാർ അംഗീകരിച്ചു. ധനവകുപ്പിൽ നിന്ന് കെഎസ്ആർ ഒഴിവാക്കാനുള്ള കമ്മീഷൻ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. ധനവകുപ്പിന്റെ അധികാരം വെട്ടി കുറയ്ക്കാൻ കാത്തിരുന്ന പിണറായിക്ക് കിട്ടിയ ആയുധമായിരുന്നു കമ്മീഷൻ ശുപാർശ. 2021 ജനുവരി 30 ന് വി.എസ് അനാരോഗ്യം കാരണം ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവച്ചു. ധനകാര്യ വകുപ്പിന്റെ അധികാരം വെട്ടി കുറയ്ക്കാനും പെൻഷൻ പ്രായം 60 ആക്കി ഉയർത്താനും ശുപാർശ നൽകാൻ ഖജനാവിൽ നിന്ന് ചെലവായത് 11.68 കോടിയാണ്. കൃത്യമായി പറഞ്ഞാൽ 11,68,43,365 രൂപ.