സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. 2020 നെ അപേക്ഷിച്ച് ഡയാലിസിസ് ചെയ്ത രോഗികളുടെ എണ്ണം 2023 ൽ നാലിരട്ടിയിലധികമായി. എന്നാല്‍ സർക്കാർ മേഖലയില്‍ വൃക്ക രോഗത്തിനുള്ള ചികിത്സാ കേന്ദ്രങ്ങള്‍ (dialysis centers Kerala) പരിമിതമാണെന്നും ആരോഗ്യ മന്ത്രി വെളിപ്പെടുത്തിയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.
2020 – ൽ 43,740 രോഗികളും, 2021 ൽ 91,759 രോഗികളും, 2022 ല്‍ 1,30,633 രോഗികളും, 2023 ൽ 1,93,281 രോഗികളും ഡയാലിസിസിന് വിധേയരായിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയിരിക്കുന്ന കണക്ക്. ആരോഗ്യവകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആകെ 105 ഡയാലിസിസ് കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
അതായത് 2000 രോഗികള്‍ക്ക് ഒരു സർക്കാർ ഡയാലിസിസ് കേന്ദ്രം എന്ന ആനുപാതികമാണുള്ളത്. ജില്ലാ ആശുപത്രികൾക്കും, താലൂക്ക് ആശുപത്രികൾക്കും പുറമേ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും, കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇത് കൂടാതെ വീടുകളിൽ വച്ച് തന്നെ ഡയാലിസിസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനായി പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതി 14 ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ആയിരത്തില്‍ താഴെ മാത്രം രോഗികള്‍ക്കാണ്.
വൃക്കരോഗികളുടെ പ്രധാന ചികിത്സ മാർഗ്ഗമായ ഡയാലിസിസ് (Hemodialysis and peritoneal dialysis) എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി മുഖാന്തിരം സൗജന്യമായി നൽകി വരുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഡയാലിസിസിന് വിധേയരാവുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനായി ഡയാലിസിസ് മെഷീൻ, വൃക്ക രോഗങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ലാബ് സംവിധാനങ്ങൾ, മറ്റ് പരിശോധന സംവിധാനങ്ങൾ എന്നിവയും നിലവിലുണ്ട്.