ക്ഷേമ പെൻഷൻ വിതരണ കുടിശിക ഇനത്തിൽ കേന്ദ്രത്തിൽ നിന്നും 375.57 കോടി രൂപ ലഭിക്കാനുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
2023 – 2024 രണ്ടാം പാദം ( 2023 ജൂലൈ ) മുതൽ 2024- 25 രണ്ടാം പാദം ( 2024 സെപ്റ്റംബർ) വരെയുള്ള 357. 57 കോടി രൂപയാണ് കുടിശിക. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാ ഗാന്ധി ദേശിയ വിധവ പെൻഷൻ, ഇന്ദിരാ ഗാന്ധി ദേശിയ വികലാംഗ പെൻഷൻ എന്നീ മൂന്നിനം സാമൂഹ്യ സുരക്ഷ പെൻഷനുകൾക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്.
ഇന്ദിരാഗാന്ധി ദേശിയ വാർദ്ധക്യ കാല പെൻഷന് 80 വയസും അതിന് മുകളിലും 500 രൂപയാണ് പ്രതിമാസ കേന്ദ്ര വിഹിതം. 60 മുതൽ 79 വയസുവരെ പ്രതിമാസ കേന്ദ്ര വിഹിതം 200 രൂപയാണ്. ഇന്ദിരാ ഗാന്ധി ദേശിയ വികലാംഗ പെൻഷനും വിധവ പെൻഷനും പ്രതിമാസ കേന്ദ്ര വിഹിതം 300 രൂപയാണ്.
നിലവിൽ ക്ഷേമ പെൻഷൻകാർക്ക്1600 രൂപ വീതം സംസ്ഥാന സർക്കാർ എല്ലാ മാസവും നൽകുന്നുണ്ട്. ഇതിൽ 6.88 ലക്ഷം പേർക്കാണ് കേന്ദ്ര വിഹിതമുള്ളത്. 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ തുകയാണ് കേന്ദ്ര സർക്കാർ വിഹിതമായി അനുവദിക്കേണ്ടത്.
കേന്ദ്ര വിഹിതം വിതരണം ചെയ്യേണ്ടത് പിഎഫ്എംഎസ് (പബ്ലിക് ഫിനാൻസ് മാനേജുമെന്റ് സിസ്റ്റം) എന്ന കേന്ദ്ര സർക്കാർ സംവിധാനം വഴിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതലാണ് ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് എന്ന നെറ്റ്വർക്ക് വഴി ആക്കണമെന്ന നിർദേശം വന്നത്. ഇല്ലെങ്കിൽ കേന്ദ്രം വിഹിതം നിഷേധിക്കുമെന്ന അറിയിപ്പുമുണ്ടായി. ഇതനുസരിച്ച് കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.