മനുഷ്യനും വീഴ്ച്ചകളും പിന്നെ പ്രായവും

Why Do We Fall as We Age? Discover the Exercises That Can Help

വീഴ്ച്ചകൾ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ജീവിതത്തിലെ വിജയം എന്നത് അത്തരം വീഴ്‌ചകളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ്. സാഹിത്യപരമായി നോക്കുമ്പോൾ ഇതോരു പ്രധാനപ്പെട്ട ജീവിത വീക്ഷണം ആണെങ്കിലും ആരോഗ്യപരമായി പ്രത്യേകിച്ചും പ്രായമായവരിൽ വീഴ്ചകൾ വളരെ അപകടമായി ഭവിക്കാറുണ്ട്.

ഒടിവുകളിലേക്ക് നയിക്കുകയോ തലച്ചോറിന് പരിക്ക് പറ്റുന്നതോ ആയ വിഴ്ചകൾ ചിലപ്പോഴെങ്കിലും മരണ ഹേതു ആകാറുമുണ്ട്.. മനുഷ്യന്റെ പ്രായം വർധിക്കുന്നത് അനുസരിച്ച് വീഴ്ചകൾ ഉണ്ടാകാനുള്ള സാധ്യതകളും വർദ്ധിക്കുന്നു. 65 വയസ്സ് കഴിഞ്ഞവരിൽ 10% പേരിലും പ്രതിവർഷം വീഴ്ച‌കൾ സംഭവിക്കുന്നു. ഇങ്ങനെ വീണവരിൽ 50 ശതമാനവും വീണ്ടും വീഴുന്നു. 85 വയസ്സ് കഴിഞ്ഞ ആൾ ക്കാരിൽ വീഴാനുള്ള സാധ്യത 40% മുതൽ 50 ശതമാനം വരെയാണ്. ഇങ്ങനെ 65 വയസ്സ് കഴിഞ്ഞ് വീഴുന്നവരിൽ 10 മുതൽ 15 ശതമാനത്തിനും മാരകമായ പരിക്കുകൾ ആയ തലച്ചോറിന്റെ പരിക്ക്. ഇടുപ്പെല്ലിന്റെയോ (hip joint) നട്ടെല്ലിന്റെയോ ഒടിവുകൾ തുടങ്ങിയവ സംഭവിക്കുന്നു.

പ്രായമാകുമ്പോൾ വീഴാനുള്ള സാധ്യത എന്തുകൊണ്ട് കൂടുന്നു?

  1. പേശീ ശോഷണം അഥവാ സാർകോപീനിയ 30 വയസ്സ് കഴിഞ്ഞവരിൽ പിന്നെയുള്ള ഓരോ പത്തു വർഷത്തിനും അഞ്ച് ശതമാനം പേശികൾ വീതം കുറയുന്നു. 65 വയസ്സ് കഴിയുമ്പോൾ പ്രമേഹം നിയന്ത്രണമില്ലാത്തവരിലും പ്രമേഹം ഉള്ളവരിലും വ്യായാമം കുറവുള്ളവരിലും പേശീഷോഷണം എട്ട് ശതമാനം വരെ ആകുന്നു. 80 വയസ്സ് കഴിയുമ്പോൾ ഏകദേശം 50 ശതമാനം പേശി ശോഷണം സംഭവിച്ചിരിക്കും.
  2. അമിത വണ്ണം
  3. ഓർമ കുറവ്
  4. സ്വയം പ്രവർത്തക സിരാവ്യൂഹത്തിന്റെ (autonomic nervous system) പ്രവർത്തന കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണമുള്ള വീഴ്ച്ചകള്‍. ഉദാഹരണത്തിന് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ പെട്ടെന്ന് രക്ത സമ്മർദ്ദം കുറയുകയും വീഴുകയും ചെയ്യുക.
  5. കാഴ്ച‌ വൈകല്യങ്ങൾ
  6. വിഷാദരോഗം
  7. ചില മരുന്നുകൾ, ഉറക്കം ഉണ്ടാക്കുന്നതും ബാലൻസിന് പ്രശ്നമുണ്ടാക്കുന്നതുമായവ.
  8. സന്ധികളുടെ തേയ്മാനം
  9. ശ്വാസകോശരോഗങ്ങൾ
  10. ഒറ്റക്കുള്ള ജീവിതം (solitary life)
  11. വ്യായാമ കുറവ്

ശരീരത്തിലെ പേശികൾ നമ്മുടെ ചലനത്തിന് മാത്രമുള്ളവയല്ല. ഇവ നമ്മുടെ സന്ധികൾക്ക് ഒരു ഷോക്ക് അബ്സോർബർ ആയും പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ആവശ്യത്തിന് പേശീ ബലമുള്ളവരിൽ സന്ധി തേയ്മാന സാധ്യതകൾ വളരെ കുറയുന്നത്. ശരീര പേശികൾ നമ്മുടെ രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നതിലും വളരെ പ്രധാനപ്പെട്ട പങ്ക് നിർവഹിക്കുന്നുമുണ്ട്.

പ്രതികരണ സമയം (Reaction Time)

ശരീരത്തിന്റെ സംതുലിതാവസ്ഥ (ബാലൻസ്) നഷ്ടപ്പെടുന്ന അവസ്ഥയിൽ വീഴ്‌ചകൾ പ്രതിരോധിക്കുന്നതിനായുള്ള ഉപായങ്ങൾ തലച്ചോർ നടപ്പിലാക്കാൻ എടുക്കുന്ന ചുരുങ്ങിയ സമയമാണിത്. ഉദാഹ രണത്തിന്, കാലൊന്ന് തെന്നിയാൽ വീഴാതിരിക്കാനായി അടുത്തുള്ള ജനൽ കമ്പിയിൽ പിടിക്കുക. പ്രായമാകുമ്പോൾ, ഈ പ്രതികരണ സമയം കൂടുതലാകാൻ തുടങ്ങുന്നു. പ്രത്യേകിച്ചും വ്യായാമം ഇല്ലാത്തവരിൽ. അതുമൂലം വീഴ്ചകളും തന്മൂലം ഉണ്ടാകുന്ന ഒടിവ് പോലുള്ള പരിക്കുകളും ഇവരിൽ വർദ്ധിക്കുന്നു.

അസ്ഥിക്ഷയം അഥവാ ഓസ്‌റ്റിയോപൊറോസിസ്

പേശീശോഷണം വീഴ്ചകൾക്ക് കാരണമാകുന്നു എങ്കിൽ അസ്ഥിക്ഷയം ഒടിവുകൾക്ക് കാരണമാകുന്നു. സ്ത്രീകളിൽ ആർത്തവവിരാമത്തിനു ശേഷമുള്ള വർഷങ്ങ ളിൽ അസ്ഥികളുടെ സാന്ദ്രത വളരെ പെട്ടെന്ന് കുറയുന്നു. പുരുഷന്മാരിൽ 70 വയസ്സിനു ശേഷമാണ് ഈ കുറവ് ഉണ്ടാകുന്നത്. 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ അസ്ഥിക്ഷയം ഉണ്ടാകാനുള്ള സാധ്യത 40 ശതമാനത്തിൽ അധികമാണ്. ഏറ്റവും അപകടകരമായ ഇടുപ്പ് സന്ധിയുടെ ഒടിവ് ഉണ്ടാകാനുള്ള സാധ്യത ഇവരിൽ 20% അധികവും ആണ്. കണക്കുകൾ സൂചിപ്പിക്കുന്നത് 45 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ; അസ്ഥിക്ഷയം മൂലമുള്ള അസുഖങ്ങൾ കൊണ്ടുള്ള ആശുപത്രിവാസത്തിന്റെ കാലയളവ് (days spent in hospital) ഹ്യദ്രോഗം മൂലമോ സ്തനാർബുദം മൂലമോ ഉള്ള ആശുപത്രിവാസത്തേക്കാൾ കൂടുതലാണ് എന്നാണ്. വാർദ്ധക്യത്തിൽ ഇടുപ്പ് സന്ധിയുടെ ഒടിവ് സംഭവിച്ചവരിൽ 20 ശതമാനം പേർ ആദ്യത്തെ വർഷം തന്നെ മരണത്തിന് കീഴടങ്ങുന്നു. ബാക്കി ഉള്ള 80 ശതമാനത്തിനും നടപ്പ് ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്നിനെങ്കിലും പരസഹായം വേണ്ടിവരുന്നു.

Exercises that can help prevent falls

വീഴ്ചകള്‍ കുറയ്ക്കും വ്യായാമങ്ങള്‍

വീഴ്ചകള്‍ കുറയ്ക്കാനുള്ള മാർഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യായാമങ്ങള്‍. വീഴ്ചകള്‍‌ സംഭവിച്ചവരില്‍ വീണ്ടും വീഴും എന്ന ഭീതി കാരണം പലർക്കും വ്യായാമം ചെയ്യാൻ വലിയ മടിയാണ്. വ്യായാമം ചെയ്യാനുള്ള ഈ വിമുഖത ഇവരിൽ കൂടുതലായിട്ടുള്ള പേശീ ശോഷണത്തിനും അസ്ഥിക്ഷയത്തിനും അമിതവണ്ണത്തിനും ജീവിത ശൈലി രോഗങ്ങൾക്കും കാരണമാകുന്നു.
വീഴാൻ സാധ്യത ഉള്ളവരിലും വീഴ്‌ച സംഭവിച്ച് കഴിഞ്ഞവരിലും ശാസ്ത്രീയമായ വ്യായാമങ്ങൾ അത്യന്താപേക്ഷിതമാണ്. നടപ്പ് പോലുള്ള ഏറോബിക് വ്യായാമങ്ങൾ, പേശികളുടെ ബലം കൂട്ടുന്ന റെസിസ്റ്റൻസ് വ്യായാമങ്ങൾ, ബാലൻസ് അഥവാ ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്ന വ്യായാമങ്ങൾ, സന്ധികളുടെ വഴക്കം കൂട്ടുന്ന ഫ്ളക്സിബിലിറ്റി വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം സംയോജിപ്പിക്കം. Falls Management Exercise (FAME) ഇത്തരത്തിൽ മേൽപ്പറഞ്ഞ വ്യായാമങ്ങൾ എല്ലാം നിയോജിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയ വ്യായാമ രീതിയാണ്.

65 വയസ്സ് കഴിഞ്ഞ സ്ത്രികളിലും 70 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലും ചെറിയ വീഴ്ചകളിൽ തന്നെ ഒടിവുകൾ സംഭവിച്ചവരിലും DEXA പോലുള്ള അസ്ഥി സാന്ദ്രത പരിശോധനകളും കൂടുതലായിട്ടുള്ള പേശീശോഷണത്തിനും അസ്ഥിക്ഷയത്തിനും അമിതവണ്ണത്തിനും ജീവിത ശൈലി രോഗങ്ങൾക്കും കാരണമാകുന്നു. നടത്തേണ്ടതാണ്. DEXA പരിശോധനയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ FRAX എന്ന സൗജന്യ സോഫ്റ്റ്‌വെയർ പ്രോഗ്രാമി ലൂടെയും എല്ലു ഒടിയാനുള്ള അപകട സാധ്യത മുൻകൂട്ടി അറിയാൻ സാധിക്കും. ഇത്തരക്കാർക്ക് അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാനുള്ള ശാസ്ത്രീയമായ ചികിത്സകളും നൽകേണ്ടതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments