അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്തുക്കൾ തിരികെ നൽകി

Ajit pawar Maharashtra deputy CM

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ എൻ.സി.പി നേതാവ് അജിത് പവാറിന് ആശ്വാസം നൽകുന്ന നടപടിയുമായി ആദായനികുതി വകുപ്പ്. 2021-ൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരിൽ അനധികൃതമായി സ്വന്തമാക്കിയെന്നാരോപിച്ച് കണ്ടുകെട്ടിയ 1000 കോടി രൂപയുടെ സ്വത്തുക്കൾ ഇൻകം ടാക്‌സ് വകുപ്പ് തിരിച്ചു നൽകി. ബെനാമി ഇടപാട് തടയൽ അപ്പീലേറ്റ് ട്രൈബ്യൂണലാണ് ഈ തീരുമാനമെടുത്തത്.

എക്‌നാഥ് ശിന്ദെയ്ക്കൊപ്പം അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്ത ദിവസമാണ് ഈ തീരുമാനം. 2021 ഒക്ടോബർ 7-ന് ഇൻകം ടാക്‌സ് വകുപ്പ് അജിത് പവാറിന്റെയും കുടുംബത്തിന്റെയും നിരവധി സ്വത്തുക്കളിൽ റെയ്ഡ് ചെയ്ത് കണ്ടുകെട്ടിയിരുന്നു. സാത്തരയിലെ ഒരു പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഒരു ഫ്‌ലാറ്റ്, ഗോവയിലെ ഒരു റിസോർട്ട് തുടങ്ങിയവയായിരുന്നു കണ്ടുകെട്ടിയ സ്വത്തുക്കൾ.

എന്നാൽ അന്വേഷണത്തിൽ ഈ സ്വത്തുക്കളൊന്നും അജിത് പവാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ബെനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ട്രൈബ്യൂണൽ പറഞ്ഞു. നിയമാനുസൃതമായ സാമ്പത്തിക ഇടപാടുകൾ വഴിയാണ് സ്വത്തുക്കൾ വാങ്ങിയതെന്നും ഇൻകം ടാക്‌സ് വകുപ്പിന് ബെനാമി സ്വത്തുക്കളുമായി പവാർ കുടുംബത്തെ ബന്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ട്രൈബ്യൂണൽ പറഞ്ഞു.

‘അജിത് പവാർ, സുനേത്ര പവാർ, പാർഥ് പവാർ എന്നിവർ ബെനാമി സ്വത്തുക്കൾ വാങ്ങാൻ പണം കൈമാറിയിട്ടില്ലെന്നതിന് തെളിവില്ല,’ ട്രൈബ്യൂണൽ പറഞ്ഞു. അജിത് പവാറിന്റെ അഭിഭാഷകൻ പ്രശാന്ത് പാട്ടിൽ ആരോപണങ്ങൾ നിയമപരമായി അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു. കുടുംബം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബാങ്കുകൾ ഉൾപ്പെടെയുള്ള നിയമാനുസൃത ചാനലുകൾ വഴി നടത്തിയിട്ടുണ്ടെന്നും കോടതിയിൽ തെളിയിച്ചു.

തെളിവുകളില്ലെന്ന് കാണിച്ചാണ് ട്രൈബ്യൂണൽ അജിത് പവാറിനെ കുറ്റ വിമുക്തനാക്കിയത്. ബെനാമി സ്വത്തുക്കളാണെന്ന് കണ്ടെത്താനായില്ലെന്നും നേരായ വഴിയിലാണ് ധനസമാഹരണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. അതേസമയം കേസ് ചാർജ് ചെയ്യുമ്പോൾ അജിത് പവാർ മഹാവികാസ് അഘാഡി പക്ഷത്തായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിനു മാസങ്ങൾക്ക് ശേഷമാണ് പാർട്ടി പിളർത്തി ബി.ജെ.പിക്കും ഷിൻഡെയുടെ സേനക്കുമൊപ്പം ചേർന്ന് മഹായുതിയുടെ ഭാഗമായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments