ഡോ.കെ. വാസുകി ഐഎഎസ് പുസ്തകം എഴുതുന്നു. ദ സ്‌കൂൾ ഓഫ് ലൈഫ് എന്നാണ് പുസ്തകത്തിന്റെ പേര്. ഡി.സി ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. മന്ത്രി ശിവൻകുട്ടിയുടെ തൊഴിൽ വകുപ്പിന്റെ സെക്രട്ടറിയായ വാസുകിക്ക് പുസ്തകം പബ്‌ളിഷ് ചെയ്യാൻ അനുമതി മുഖ്യമന്ത്രി നൽകി. പുസ്തകത്തിൽ നിന്ന് ലഭിക്കുന്ന റോയൽറ്റിയും വാസുകിക്ക് സ്വീകരിക്കാമെന്ന് ഡിസംബർ 6 ന് പൊതുഭരണ വകുപ്പിൽ നിന്നിറങ്ങിയ ഉത്തരവ് വ്യക്തമാക്കുന്നു. 1968 ലെ ആൾ ഇന്ത്യ സർവീസ് കോണ്ടക്റ്റ് റൂൾ 13 (4) പ്രകാരമാണ് വാസുകിക്ക് അനുമതി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ പ്രമുഖരാണ് ഡോ. വാസുകി ഐഎഎസും ഭർത്താവ് കാർത്തികേയൻ ഐഎഎസും.
കേരളത്തിന്റെ വിദേശ സഹകരണത്തിന് ഡോ. വാസുകി ഐഎഎസിനെ പ്രത്യേക ഉദ്യോഗസ്ഥയായി നിയമിച്ചിരുന്നു. ഇത് വിവാദമാകുകയും കേന്ദ്രത്തിന്റെ അതൃപ്തി നിറഞ്ഞ താക്കീതിന് കാരണമായിരുന്നു.
വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിൻറെ പുതിയ നിയമനത്തിൽ കേരളത്തിന് താക്കീതും നൽകി. കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം അന്ന് നൽകിയത്.
ചെന്നൈയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് മെഡിസിൻ പഠനത്തിനു ശേഷം സിവിൽ സർവീസിലേക്കെത്തിയ വ്യക്തിയാണ് ഡോ. വാസുകി. ചെന്നൈ ഫാത്തിമ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നു എം.ബി.ബി.എസ് നേടി ഡോക്ടർ ആയി. ചെന്നൈയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് സിവിൽ സർവീസിൽ ജോയിന്റ് ചെയ്തത്. 2019 ജൂലൈ മാസത്തിൽ സംഭവിച്ച പ്രളയ കാലത്തെ അവരുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.