എന്താണ് അലർജി?
ശരീരത്തിലെത്തുന്ന ചില പദാർത്ഥങ്ങളോട് (proteins/ allergens) രോഗ പ്രതിരോധ സംവിധാനം (immunological system) അസാധരണമായി പ്രതികരിക്കുന്നതാണ് അലർജി ഈ പ്രതികൂല പ്രതികരണം പലവിധ രോഗലക്ഷണങ്ങൾക്കും കാരണമാകുന്നു.
അലർജനുകൾ ചർമ്മം, ശ്വാസകോശം, ദഹനേന്ദ്രിയം (gastrointestinal tract) എന്നിവയിലൂടെയാണ് ശരീരത്തിലേക്കു പ്രവേശിക്കുന്നത്. പൊടി, പൂമ്പൊടി, വളർ ത്തുമൃഗങ്ങളുടെ രോമം, ഫംഗസ്, ഭക്ഷണ വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ അലർജിക്ക് കാരണമാകാം.
പാൽ മുട്ട, മത്സ്യവിഭവങ്ങൾ, നട്ട്സ് (nuts), ഗോതമ്പ്, സോയ തുടങ്ങിയവയാണ് പ്രധാനമായും ഭക്ഷണ അലർജി ഉണ്ടാക്കുന്നത്.
പശുവിൽ പാലിനോടുള്ള അലർജി സാധാരണമാണോ?
കുട്ടികളിൽ വളരെ സാധാരണമായ അലർജികളിൽ ഒന്നാണിത്. ചെറിയ കുട്ടികളിൽ 0.5%-3% പേർക്ക് ഇതുകാണാം. മുതിർന്നവരിൽ ഈ അലർജി കുറവാണ്.
പശുവിൻ പാൽ അലർജി (cow’s milk allergy) എങ്ങനെ ഉണ്ടാകുന്നു ?
പശുവിൻ പാലിലെ ഒന്നോ അതിലധികമോ പ്രോട്ടീനുകളോട് ശരീരം പ്രതികൂലമായി പ്രതികരിക്കുകയും, ചില പ്രത്യേക രാസവസ്‌തുക്കൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ അലർജി പ്രധാനമായും 3 തരത്തിലാണുള്ളത്.
- പശുവിൻ പാലിലുള്ള protein നെതിരെ ശരീരത്തിൽ IgE എന്ന ഇമ്മ്യൂണോഗ്ലോബലിൻ /ആന്റിബോഡി ഉത്പാദിപ്പി ക്കപ്പെടുന്നു (IgE-mediated)- ചർമം, ശ്വാസകോശം, കുടൽ എന്നിവയെയാണ് ഈ അലർജി ബാധിക്കുന്നത്
- മറ്റുതരം രാസവസ്തു ക്കൾ കൂടുന്നത് മൂലം (Non IgE mediated)- കുടലിനെയാണിത് പ്രധാനമായും ബാധിക്കുന്നത്
- മിക്സഡ് (mixed) ചർമത്തിലെ എക്സീമ (eczema)ക്കു കാരണമാകുന്നു.
രോഗലക്ഷണങ്ങൾ
നിസ്സാര രോഗലക്ഷണങ്ങൾ മുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ പശുവിൻപാൽ അലർജി കാരണമാകുന്നു. കുട്ടിക്ക് പശുവിൻപാൽ കൊടുത്തു തുടങ്ങി ഉടനെത്തന്നെയോ, ചിലപ്പോൾ ആഴ്ചകൾക്ക് ശേഷമോ അലർജിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. മുലപ്പാൽ മാത്രം കൂടിക്കുന്ന ശിശുക്കളിൽ പോലും, അമ്മ പശുവിൻപാൽ കുടിക്കുകയാണെങ്കിൽ അപൂർവമായി ഈ അലർജി കാണാറുണ്ട്.
പാലിനെതിരെ IgE കൂടുതലായ അലർജിയിൽ പാൽ കുടിച്ചതിന് ശേഷം ഉടൻ, 2-4 മണിക്കൂറിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കാണുന്നു. മറ്റു ചിലപ്പോൾ (Non IgE mediated) രോഗലക്ഷണങ്ങൾ പശുവിൻപാൽ കുടിച്ചു ആഴ്‌ചകൾക്കു ശേഷം കണ്ടുതുടങ്ങുന്നു.
തൊലിപ്പുറത്തുള്ള തടിപ്പ് (urticaria), ചുണ്ടിലും കൺപോളിലും തടിപ്പ് (angioedema), ചൊറിച്ചിൽ, തുടർച്ചയായോ ഇടവിട്ടോ ഉള്ള ഛർദി, ഓക്കാനം, വയറിളക്കം, വയറുവേദന, ശിശുക്കളുടെ നിറുത്താതെയുള്ള കരച്ചിൽ, മലത്തിൽ രക്തം, മലബന്ധം, വളർച്ച കുറവ്, വിളർച്ച എന്നിവയാണ് ലക്ഷണങ്ങൾ.
പാലിനോടുള്ള അലർജി മൂലം ആസ്മക്കും മൂക്കിലുള്ള അലർജിക്കും (അലർജിക് റൈനിറ്റീസ്) സാധ്യത കുറവാണ്. എങ്കിലും ചില കുട്ടികളില്‍ വിട്ടുമാറാത്ത ചുമ, വലിവ്, മൂക്കൊലിപ്പ്, മൂക്കടപ്പ്, കണ്ണിനും മൂക്കിനും ചൊറിച്ചില്‍ എന്നിവ കാണാം..
ഈ അലർജി ചർമത്തെ ബാധിക്കുന്ന എക്സിമയ്ക്കും (eczema) കാരണമാകാം, ദഹന വ്യവസ്ഥയെ ബാധി ക്കുന്ന ഗുരുതരമായ അസുഖങ്ങളും (food protein induced enterocolitis, enteropathy, proctocolitis) പശുവിൻ പാല്‍ അലർജി മൂലം സംഭവിക്കാം.
ചില രോഗലക്ഷണങ്ങൾ കണ്ടാൽ അണുബാധയാണോയെന്ന് സംശയം വരാം. ശരിയായ രോഗനിർണയം മതി യായ ചികിത്സക്കു അത്യന്താ പേക്ഷികമാണ്. ചിലപ്പോൾ പാലിനോടുള്ള അലർജി ഗുരുതരമായ അനാഫിലാക്സിസിനു (anaphylaxis) കാരണമാകുന്നു.
പാലോ, പാലുത്പന്നങ്ങളോ ആയി സമ്പർക്കം വന്നാൽ ഉടനടി തൊലിയിൽ ചുവന്നു തടിക്കൽ, ചൊറിച്ചിൽ, ശ്വാസ തടസം, തൊണ്ട വീക്കം. വലിവ്, കുറഞ്ഞ രക്തസമ്മർദ്ദം, വയറിളക്കം, ഛർദി, വയറു വേദന, ബോധക്ഷയം തുടങ്ങി യലക്ഷണങ്ങൾ പ്രകടമാകും. സമയോചിതമായി രോഗം നിർ ണയിച്ചു ചികിത്സിച്ചില്ലെങ്കിൽ മരണം പോലും സംഭവിക്കാം.
പശുവിൻ പാലിനോട് മാത്രമാണോ കുട്ടികൾക്ക് അലർജി?
കൂടുതൽ പൊടിപ്പാലുകളും പശുവിൻ പാലിൽ നിന്നാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അവക്കെതിരെയും അലർജി കാണാം. പശുവിൻ പാലിലുള്ള പ്രോട്ടീന് സമാനമായ പ്രോട്ടീനുള്ള ആട്ടിൻപാൽ, എരുമപ്പാൽ എന്നിവയും ഈ കുട്ടികളിൽ അലർജി ഉണ്ടാക്കാം. പശുവിൻ പാൽ അലർജിയുള്ള കുട്ടികളിൽ 10-15% പേർക്ക് സോയപ്പാൽ അലർജിയും കാണാം.
പശുവിൻപാൽ അലർജിക്ക് സമാനമായ ലക്ഷണങ്ങൾക്ക് മറ്റു കാരണങ്ങൾ?
അലർജി ഇല്ലാത്ത കുട്ടികളിലും ലാക്റ്റേസ് എന്ന എൻസൈം കുറവുള്ളതിനാൽ പാൽ ദഹിക്കുന്നതിനുള്ള ബുദ്ധിമുട്ട് (lactose-intolerence), ആസിഡ് റിഫ്ളക്സ് (gastroesophageal reflux disease) എന്നിവയും പശുവിൻ പാൽ അലർജിക്കു സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാം. ഡോക്ടറുടെ വിദഗ്‌ധ ഉപദേശം മറ്റു അസുഖങ്ങൾ തിരിച്ചറി യാൻ സഹായിക്കും.
രോഗനിർണയം
രോഗലക്ഷണങ്ങളുടെ ശരിയായ അപഗ്രധനത്തിലൂടെ രോഗനിർണയം നടത്താം. തൊലിപ്പുറത്തുള്ള test (Skin prick test), രക്തത്തിൽ പശുവിൽ പാലിനെതിരെയുള്ള IgE-യുടെ അളവ് (serum specific IgE) എന്നിവയും രോഗനിർണ യത്തിന് സഹായിക്കും.
രോഗനിർണയം സാധിക്കാത്ത കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും, ഇവയടങ്ങിയ എല്ലാ ഭക്ഷണപാനീയങ്ങളും പൂർണ്ണമായും ഒഴിവാക്കുകയും രോഗലക്ഷണങ്ങള്‍ കുറയുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍ കുറയുകയാണെങ്കില്‍ പശുവിൻ പാല്‍ അലർജി തന്നെയെന്ന് കരുതാം. 2-4 ആഴ്ച്ചകള്‍ക്ക് ശേഷം ഡോക്ടറുടെ നിർദേശം പ്രകാരം പാല്‍ കൊടുത്തു (Oral food challenge test) തുടങ്ങുമ്പോള്‍ രോഗലക്ഷണങ്ങള്‍ വീണ്ടും കാണുകയാണെങ്കില്‍ അലർജിയാണെന്ന് ഉറപ്പിക്കാം.
എന്താണ് ചികിത്സ
രോഗലക്ഷണങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സിക്കണം. അലർജിയുള്ള കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും പൂർണ്ണമായും ഒഴിവാക്കണം. അതോടൊപ്പം അവർക്കു പോഷകാഹാരം ഉറപ്പാക്കുകയും വേണം.
പാൽ ഒഴിവാക്കാൻ സാധി ക്കാത്ത ശിശുക്കളിൽ പ്രത്യേകം തയ്യാറാക്കിയ പൊടിപ്പാൽ (extensively hydrolysed formula or aminoacid formula) ഉപയോഗിക്കാവുന്നതാണ്. കുട്ടികളുടെ തുടർപരിശോധനകൾ നിർദ്ദേശമനുസരിച്ചു നടത്തുകയും അവരുടെ വളർച്ചയും ആരോഗ്യസ്ഥിതിയും വിലയിരുത്തുകയും വേണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ പാൽ വീണ്ടും കൊടുത്തു തുടങ്ങാവൂ.
അനാഫിലാക്സിസ് വന്ന കുട്ടികളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മുലപ്പാൽ മാത്രം കൂടിക്കുന്ന കുട്ടികളിൽ രോഗലക്ഷണ ങ്ങൾ കണ്ടാൽ, അമ്മമാർ അവരുടെ ഭക്ഷണത്തിൽ നിന്നും പശുവിൻപാൽ ഒഴിവാക്കേണ്ടതാണ്.
കുഞ്ഞുങ്ങള്‍ക്ക് എപ്പോഴാണ് പശുവിൻ പാൽ കൊടുത്തു തുടങ്ങേണ്ടത്?
ആദ്യ ആറുമാസക്കാലം മുലപ്പാൽ മാത്രമേ കുട്ടികൾക്ക് കൊടുക്കാവൂ. മുലപ്പാൽ കൂട്ടികളെ അലർജിയിൽ നിന്നും സംരക്ഷിക്കും. ഒരു വയസ്സിനു ശേഷം മാത്രം പശുവിൻപാൽ കൊടുത്തു തുടങ്ങുന്നതാണ് നല്ലത്. നമ്മുടെ കുട്ടികളുടെ ആഹാരക്രമത്തിൽ പശുവിൻ പാലിന് വലിയ പ്രാധാന്യം നൽകുന്നു. പശുവിൻ പാലിനോടുള്ള അലർജി ചെറിയ കുട്ടികളിൽ സാധരണവുമാണ്.
സമയോചിതമായി രോഗനിർണയം നടത്തുകയും, ആവശ്യമായ ചികിത്സ നൽകുകയും പാൽ ഒഴിവാക്കുകയും ചെയ്തില്ലെങ്കിൽ കുട്ടികളുടെ ആരോഗ്യത്തെയും വളർച്ചയെയും ഈ അലർജി പ്രതികൂലമായി ബാധിക്കാം. അതേസമയം കുട്ടികളുടെ പോഷകാഹാരത്തിന്റെ പ്രധാന ഉറവിടമാണ് പാൽ. കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ പ്രധാന സ്രോതസ്സുമാണ് പാൽ. അനാവശ്യമായി കുട്ടികളുടെ ഭക്ഷണത്തിൽ നിന്നും പാൽ ഒഴിവാക്കുന്നതും നല്ലതല്ല. അതുകൊണ്ട് തന്നെ ശിശുരോഗവിദ്‌ഗന്റെ ഉപദേശം തേടുന്നത് അത്യാവശ്യമാണ്.