ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ സാമ്പത്തിക നിയന്ത്രണ നിർദ്ദേശങ്ങള്‍ മറികടന്ന് സംസ്ഥാന മന്ത്രിസഭ. ധനവകുപ്പ് എതിർപ്പ് അവഗണിച്ച് കാർഷിക വില നിർണ്ണയ ബോർഡിന് പുതിയ വാഹനം വാങ്ങാൻ പണം അനുവദിച്ചു.
ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 18,93,917 രൂപയാണ് അനുവദിച്ചത്. നവംബർ 27ലെ മന്ത്രിസഭ യോഗത്തിലാണ് വാഹനം വാങ്ങാൻ പണം അനുവദിക്കാൻ തീരുമാനിച്ചത്. ധനവകുപ്പ് എതിർത്തതോടെ ഒക്ടോബർ 22 ന് ഫയൽ മന്ത്രിസഭ യോഗത്തിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
നവംബർ 18ന് മന്ത്രിസഭക്ക് സമർപ്പിക്കാനുള്ള കരട് കുറിപ്പ് കൃഷിമന്ത്രി അംഗികരിച്ചു. തുടർന്ന് കെ.എൻ. ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രിസഭ തീരുമാനം എടുക്കുകയും ചെയ്തു. വാഹനം വാങ്ങുന്നതിന് ഫയലിൽ എതിർത്ത കെ.എൻ. ബാലഗോപാൽ മന്ത്രിസഭയിൽ എതിർപ്പ് ഒന്നും അറിയിച്ചില്ല.
ധന വകുപ്പ് വാഹനം വാങ്ങാൻ എതിർപ്പ് രേഖപ്പെടുത്തിയതോടെ അനുമതി നൽകണമെന്ന് കെ.എൻ. ബാലഗോപാലിനോട് കൃഷിമന്ത്രി പി. പ്രസാദ് വീണ്ടും ആവശ്യപ്പെട്ടു. അതിലും കെ.എൻ. ബാലഗോപാൽ എതിർപ്പ് രേഖപ്പെടുത്തി. പക്ഷേ മന്ത്രിസഭയിൽ എത്തിച്ച് കെ.എൻ. ബാലഗോപാലിനെ മറികടന്ന് മന്ത്രി പി. പ്രസാദ് കാര്യം നേടിയെടുക്കുകയായിരുന്നു.
ധനവകുപ്പ് നിർദ്ദേശങ്ങൾക്ക് മന്ത്രിസഭയോ മുഖ്യമന്ത്രിയോ വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് തോന്നിപ്പോകുന്ന തീരുമാനങ്ങളാണ് ഇക്കഴിഞ്ഞ മന്ത്രിസഭായോഗത്തിലുണ്ടായിരുന്നത്. ധനവകുപ്പിൽ നിന്നും കേരള സർവീസ് റൂൾ (KSR) അടർത്തിമാറ്റി, KSR, KS & SSRs, Conduct Rule എന്നിവ സംയോജിപ്പിച്ച് സിവിൽ സർവീസ് കോഡ് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനാണ് സിവിൽ സർവീസ് കോഡ് രൂപീകരിക്കാൻ ചുമതല നൽകിയിരിക്കുന്നത്. കേരള സർവീസ് റൂൾ ധനവകുപ്പിൽ നിന്ന് അടർത്തി മാറ്റുന്നതിലൂടെ ധനവകുപ്പിലെ തസ്തികകൾ 50 ശതമാനമായി ചുരുങ്ങും.
അഡൈ്വസറി സെക്ഷനുകൾ ഉൾപ്പെടെയുള്ള പല വിങ്ങുകളും ഇല്ലാതാകും. തസ്തികകൾ ഇല്ലാതാകുന്നതോടെ ജീവനക്കാരുടെ പ്രോമോഷനും ഇല്ലാതാകും. ഫലത്തിൽ ഗസറ്റഡ് തസ്തികയിലെത്താൻ സാധിക്കുക അപൂർവ്വം പേർക്ക് മാത്രം. സർക്കാർ കൊണ്ട് വരുന്ന പല പദ്ധതികളിലും സൂഷ്മ പരിശോധന ധന വകുപ്പിൽ നടക്കും എന്നതിനാൽ അഴിമതി നടത്തുക എളുപ്പമല്ല. ധനവകുപ്പിനെ മറികടന്ന് മന്ത്രിസഭ യോഗത്തിൽ വച്ച് തീരുമാനമെടുത്താണ് പിണറായി പല കുപ്രസിദ്ധിയാർജിച്ച തീരുമാനങ്ങളും എടുത്തത്.
എ.ഐ ക്യാമറ, സ്പ്രിംഗ്‌ളർ മുതൽ ഒന്നാം പിണറായി സർക്കാരിലെ കുപ്രസിദ്ധിയാർജിച്ച അഴിമതി ഫയലുകൾ നിലവിലുള്ള സർക്കാർ ഉത്തരവുകൾ ചൂണ്ടി കാണിച്ച് ധനവകുപ്പ് എതിർത്തിരുന്നു. 6000 കോടിയുടെ ഹെസ് പദ്ധതിയും പൊക്കി പിടിച്ചു വന്ന ജ്യോതിലാലിന്റെ ഫയലിൽ ധനവകുപ്പ് കൃത്യമായി പരിശോധിച്ചതോടെ അഴിമതി നടത്താനുള്ള നീക്കം പൊളിഞ്ഞു. പിന്നീട് ധനവകുപ്പിൽ പ്രൊഫഷണലുകൾ ഇല്ലെന്നായി ജ്യോതിലാൽ ഐ എ എസ്.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ ചില ആളുകൾക്ക് സെക്രട്ടറിയേറ്റിൽ ഓഫിസ് തുറക്കാനും ജ്യോതിലാൽ ശ്രമം നടത്തി നോക്കിയെങ്കിലും പ്രതിപക്ഷ ഇടപെടലിൽ ആ നീക്കം പൊളിഞ്ഞു. 2016 ൽ പിണറായി മുഖ്യമന്ത്രി കസേരയിൽ എത്തിയപ്പോൾ തന്നെ ധനവകുപ്പിന്റെ ചിറകുകൾ അരിയാനുള്ള നീക്കം തുടങ്ങിയിരുന്നു. ലാവ്‌ലിൻ ഫയലിലെ അഴിമതി ചൂണ്ടി കാണിച്ച ധന സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് ഫയലിൽ കുറിച്ച ആളാണ് പിണറായി വിജയൻ.