ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ഗുജറാത്ത്. 3 ശതമാനം ക്ഷാമബത്ത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് കേന്ദ്ര നിരക്കിലെ ക്ഷാമബത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ലഭിച്ചത്. ജൂലൈ 1 പ്രാബല്യത്തിലാണ് ക്ഷാമബത്ത പ്രഖ്യാപിച്ചത്.
ജൂലൈ മുതൽ നവംബർ വരെയുളള ക്ഷാമബത്ത കുടിശിക ഡിസംബറിലെ ശമ്പളത്തിൽ വിതരണം ചെയ്യും. പെൻഷൻകാർക്കും 3 ശതമാനം ക്ഷാമ ആശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ കുടിശിക ജനുവരിയിലെ പെൻഷനോടൊപ്പം ലഭിക്കും.
കേരളം ആകട്ടെ ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. 19 ശതമാനം ക്ഷാമബത്ത കുടിശികയാണ് കേരളത്തിൽ. 6 ഗഡുക്കളാണ് കുടിശിക . ധൂർത്തും കെടുകാര്യസ്ഥതയും ആണ് കേരളത്തെ പ്രതിസന്ധിയിൽ ആക്കിയത്.
ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഗുജറാത്ത് സംസ്ഥാന സർവീസ് (വേതനം പുതുക്കൽ) നിയമങ്ങൾ, 2016-ന്റെ കീഴിൽ നിലവിലുള്ള ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി വർദ്ധിപ്പിച്ചു. ഇത് ഒൻപത് ലക്ഷത്തിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യും.
ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിലെ കുടിശിക 2025 ജനുവരിയിൽ ഡിസംബർ ശമ്പളവും പെൻഷനും സഹിതം വിതരണം ചെയ്യുമെന്ന് പറയുന്നു.
7-ാം പേ കമ്മീഷന്റെ കീഴിൽ വരുന്ന സംസ്ഥാന സർക്കാർ, പഞ്ചായത്ത് ജീവനക്കാർ, സെക്കണ്ടറി, ഹയർ സെക്കണ്ടറി സ്കൂളുകളിലെ അധ്യാപക, അധ്യാപകേതര ജീവനക്കാർ, സഹായധനം ലഭിക്കുന്ന സ്വകാര്യ സ്കൂളുകളിലെ ജീവനക്കാർ എന്നിവർക്ക് ഈ വർദ്ധനവ് ഗുണം ചെയ്യും.
കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം പേയ് റിവിഷന് അംഗീകാരം ലഭിച്ച പ്രൈമറി അധ്യാപകർക്കും പഞ്ചായത്തുകളിൽ നിയമനത്തിലോ സ്ഥലംമാറ്റത്തിലോ ഉള്ള ജീവനക്കാർക്കും ഉചിതമായ മാറ്റങ്ങളോടെ ഈ ആനുകൂല്യം ലഭ്യമാകും.
“സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിലുള്ള 50 ശതമാനത്തിൽ നിന്ന് 3 ശതമാനം വർദ്ധിപ്പിച്ച് 53 ശതമാനമാക്കി 1-ജൂലൈ-2024 മുതൽ DA വർദ്ധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണനയിലായിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം DA (അടിസ്ഥാന ശമ്പളത്തിന്റെ 53%) അംഗീകരിച്ചിരിക്കുന്നു,” ഉത്തരവിൽ പറയുന്നു.