പിണറായി വൈദ്യുതി നിരക്ക് കൂട്ടിയത് 5 തവണ; അധികമായി നേടുന്നത് 3000 കോടി

CM Pinarayi vijayan Kerala power tariff hike

2016 മെയ് മാസം മുതൽ ഇതുവരെ പിണറായി സർക്കാർ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചത് 5 തവണ. 2017-18, 2019-20, 2022-23, 2023 – 24 സാമ്പത്തിക വർഷങ്ങളിലാണ് ഇതിന് മുൻപ് വൈദ്യുത ചാർജ് വർധിപ്പിച്ചത്. 2432.50 കോടി രൂപയാണ് വൈദ്യുത ചാർജ് വർധിപ്പിച്ചതു വഴി അധിക വരുമാനം ലഭിച്ചത്. ഈ വർഷം യൂണിറ്റിന് 16 പൈസയും അടുത്ത സാമ്പത്തിക വർഷം 12 പൈസയും വർദ്ധിപ്പിക്കുന്നതിലൂടെ 700 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

2017-18 ൽ 20 പൈസയും 2019- 20 ൽ 39 പൈസയും 2022- 23 ൽ 40 പൈസയും 2023- 24 ൽ 20 പൈസയും ആണ് ഓരോ യൂണിറ്റിനും വർദ്ധിപ്പിച്ചത്. ഇത്തവണ വർധന 28 പൈസയാണ്. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിന്റെ അധിക വരുമാനം ആയി 2017-18 ൽ 550 കോടി രൂപയും 2019- 20ൽ 902.90 കോടി രൂപയും 2022-23ൽ 760 കോടിയും 2023-24 ൽ 220 കോടിയും കെഎസ്ഇബിക്ക് ലഭിച്ചു. അഞ്ച് തവണത്തെ വർദ്ധനവിലൂടെ അധികമായി സർക്കാർ ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്നത് 3000 കോടി രൂപ കടക്കുമെന്നാണ് പ്രാഥമിക നിഗമനം.

Kerala power tariff hike from 2016

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നു. വൈദ്യുതി നിരക്ക് വർധന ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത് സർക്കാർ നടത്തിയ അഴിമതിയുടെ ഭാരമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിരക്ക് വരധന പിൻവലിപ്പിക്കാൻ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോർഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവർഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാർ റദ്ദാക്കിയതിനെ തുടർന്ന് ആറര മുതൽ പന്ത്രണ്ട് രൂപ വരെ നൽകേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോർഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേൽ സർക്കാരിന്റെ ഇരുട്ടടി. 2016-ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ വൈദ്യുതി ബോർഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോൾ 45000 കോടിയായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസൻസായാണ് ഈ സർക്കാർ ഭരണത്തുടർച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും വി.ഡി. സതീശൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments