
പ്രമോഷൻ വൈകിയാൽ നഷ്ടപരിഹാരം! സർക്കാർ ചുവപ്പുനാടക്കെതിരെ ഹൈക്കോടതി
സർക്കാർ ഉദ്യോഗസ്ഥരുടെ പ്രമോഷൻ വൈകുന്നത് ബ്യൂറോക്രാറ്റിക് ചുവപ്പുനാടയുടെ ഭാഗമായ വീഴ്ചയാണെന്നും സർക്കാരിന്റെ അലംഭാവമാണെന്നും ഹൈക്കോടതി. ഇങ്ങനെ ആനുകൂല്യങ്ങളും അവസരങ്ങളും നഷ്ടപ്പെടുന്നവർക്ക് മുൻകാല പ്രാബല്യത്തോടെയുള്ള നഷ്ടപരിഹാരങ്ങൾക്ക് അർഹരാണെന്നും കോടതി വിധിച്ചു.
2003 ലഭിക്കേണ്ട പ്രമോഷൻ 2019 വരെ നീട്ടുക്കൊണ്ടുപോയതിനെതിരെ എറണാകുളം സ്വദേശി ജയകൃഷ്ണരാജ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സർക്കാരിനാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ജയകൃഷ്ണരാജിന് 2003 ൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ പ്രൊഫസറായി പ്രമോഷന് അർഹനാണെന്ന് അംഗീകരിക്കപ്പെട്ടെങ്കിലും, നടപടി ക്രമങ്ങളുടെ മെല്ലെപ്പോക്ക് പ്രമോഷൻ നടപ്പാക്കുന്നത് വൈകിപ്പിച്ചു. 2019ലാണ് ഇക്കാര്യത്തിലൊരു തീരുമാനമുണ്ടായത്. ഇതിനെതിരെ പ്രൊഫസർ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പ്രമോഷന് അർഹതയുണ്ടെന്ന് അംഗീകരിക്കപ്പെട്ട 2003 മുതലുള്ള ആനുകൂല്യങ്ങൾ നൽകാൻ ട്രൈബ്യൂണൽ വിധിച്ചു. എന്നാൽ, ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അതിലും കാലതാമസമുണ്ടായി.
ബ്യൂറോക്രാറ്റിക് ചുവപ്പുനാടയിൽപ്പെട്ട് കാര്യങ്ങൾ വൈകുന്നത് ഒരു പൊതുപ്രശ്‌നമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് പ്രമോഷൻ വൈകിപ്പിക്കുകയും ഉദ്യോഗസ്ഥരുടെ കരിയറിനെ പ്രതികൂലമായും ബാധിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. കൂടാതെ, നിയമ പോരാട്ടത്തിനിറങ്ങുമ്പോൾ ഇവരുടെ അക്കാദമികവും തൊഴിൽപരവുമായ പുരോഗതിക്ക് സംഭാവന നൽകുന്ന സമയവും ഊർജ്ജവും വഴിതിരിച്ചുവിടുന്നു. പ്രത്യേകിച്ച ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായ ജീവനക്കാർക്ക് നീതിക്കുവേണ്ടിയുള്ള പരിശ്രമം സങ്കീർണ്ണമാകുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

2023 ഓഗസ്റ്റിൽ ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ സർക്കാർ ഒരു വർഷമെടുത്തതിനെതിരെയും കോടതി വിമർശിച്ചു. അഡ്വക്കേറ്റ് ജനറലിൽ നിന്നുള്ള നിയമോപദേശം, ധനകാര്യ വകുപ്പ്, നിയമകാര്യ വകുപ്പ് തമ്മിലുള്ള കൂടിക്കാഴ്ച്ചകൾ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് അപ്പീൽ ഫയൽ ചെയ്യാൻ കാലതാമസം നേരിടുകയായിരുന്നു. ട്രൈബ്യുണൽ ഉത്തരവ് നടപ്പാക്കത്തതിനെതിരെ 2024 ആഗസ്റ്റിൽ കോടതിയലക്ഷ്യ നോട്ടീസ് അയച്ചതിന് ശേഷം മാത്രമാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ഇങ്ങനെ വർഷങ്ങളോളം നിയമപോരാട്ടം നടത്തേണ്ടി വരുന്ന സാഹചര്യത്തെയാണ് ഹൈക്കോടതി വിമർശിച്ചത്. ഇത് പലപ്പോഴും ആളുകൾക്ക് കനത്ത സാമ്പത്തിക ബാധ്യതക്കും ജോലി സമയ നഷ്ടത്തിനും കാരണാകുന്നു.
അനാവശ്യമായ കാലതാമസം, സാമ്പത്തിക ബാധ്യതകൾ, ജുഡീഷ്യൽ സമയം അനാവശ്യമായി ചോർത്തൽ എന്നിവ ഒഴിവാക്കുന്നതിന് സംസ്ഥാനം കൂടുതൽ കൃത്യവും സമയബന്ധിതവുമായ വ്യവഹാര നയം സ്വീകരിക്കേണ്ടതിന്റെ നിർണായക ആവശ്യകതയെ ഇത് അടിവരയിടുന്നു.
ഒരു സർക്കാർ ജീവനക്കാരന്റെ നിയമാനുസൃതമായ അവകാശവാദം പരിഗണിക്കുന്നതിൽ സർക്കാരോ മറ്റേതെങ്കിലും വകുപ്പോ അലസത കാണിക്കുകയാണെങ്കിൽ, അതിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഹൈക്കോടതി പറഞ്ഞു. ബ്യൂറോക്രാറ്റിക് കാലതാമസത്തിന്റെ പേരിൽ ജയകൃഷ്ണരാജിന് ഏകപക്ഷീമായി അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ട്രൈബ്യൂണൽ ഉത്തരവ് ശരിവെച്ചുകൊണ്ട് സർക്കാരിന്റെ ഹർജി കോടതി തള്ളി.
വരട്ട് ന്യായം പറഞ്ഞ് യാതൊരുവിധ പ്രൊമോഷൻ സാധ്യതകളും ഇല്ലാതെ സേവനകാലം പൂർത്തിയാക്കുവാൻ വിധിക്കപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിലെ കായിക അധ്യാപകരുടെ അവസ്ഥക്ക് ആര് സമാധാനം പറയും.