മന്ത്രിസഭയിൽ ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിനെ നോക്കുകുത്തിയാക്കി ധനകാര്യ വകുപ്പിൻ്റെ അധികാരം കവർന്നെടുത്ത് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും. ധനവകുപ്പിൽ നിന്നും കേരള സർവീസ് റൂൾ (KSR) അടർത്തിമാറ്റിയാണ് ധനവകുപ്പിൻ്റെ അധികാരം കവർന്നെടുത്തത്. KSR, KS & SSRs, Conduct Rule എന്നിവ സംയോജിപ്പിച്ച് സിവിൽ സർവീസ് കോഡ് രൂപീകരിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനാണ് സിവിൽ സർവീസ് കോഡ് രൂപീകരിക്കാൻ ചുമതല നൽകിയിരിക്കുന്നത്. കേരള സർവീസ് റൂൾ ധനവകുപ്പിൽ നിന്ന് അടർത്തി മാറ്റുന്നതിലൂടെ ധനവകുപ്പിലെ തസ്തികകൾ 50 ശതമാനമായി ചുരുങ്ങും.
അഡ്വൈസറി സെക്ഷനുകൾ ഉൾപ്പെടെയുള്ള പല വിങ്ങുകളും ഇല്ലാതാകും. തസ്തികകൾ ഇല്ലാതാകുന്നതോടെ ജീവനക്കാരുടെ പ്രോമോഷനും ഇല്ലാതാകും. ഫലത്തിൽ ഗസറ്റഡ് തസ്തികയിലെത്താൻ സാധിക്കുക അപൂർവ്വം പേർക്ക് മാത്രം. സർക്കാർ കൊണ്ട് വരുന്ന പല പദ്ധതികളിലും സൂഷ്മ പരിശോധന ധന വകുപ്പിൽ നടക്കും എന്നതിനാൽ അഴിമതി നടത്തുക എളുപ്പമല്ല. ധനവകുപ്പിനെ മറികടന്ന് മന്ത്രിസഭ യോഗത്തിൽ വച്ച് തീരുമാനമെടുത്താണ് പിണറായി പല കുപ്രസിദ്ധിയാർജിച്ച തീരുമാനങ്ങളും എടുത്തത്.
എ.ഐ ക്യാമറ, സ്പ്രിംഗ്ളർ മുതൽ ഒന്നാം പിണറായി സർക്കാരിലെ കുപ്രസിദ്ധിയാർജിച്ച അഴിമതി ഫയലുകൾ നിലവിലുള്ള സർക്കാർ ഉത്തരവുകൾ ചൂണ്ടി കാണിച്ച് ധനവകുപ്പ് എതിർത്തിരുന്നു. 6000 കോടിയുടെ ഹെസ് പദ്ധതിയും പൊക്കി പിടിച്ചു വന്ന ജ്യോതിലാലിൻ്റെ ഫയലിൽ ധനവകുപ്പ് കൃത്യമായി പരിശോധിച്ചതോടെ അഴിമതി നടത്താനുള്ള നീക്കം പൊളിഞ്ഞു. പിന്നീട് ധനവകുപ്പിൽ പ്രൊഫഷണലുകൾ ഇല്ലെന്നായി ജ്യോതിലാൽ ഐ എ എസ്.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിൻ്റെ ചില ആളുകൾക്ക് സെക്രട്ടറിയേറ്റിൽ ഓഫിസ് തുറക്കാനും ജ്യോതിലാൽ ശ്രമം നടത്തി നോക്കിയെങ്കിലും പ്രതിപക്ഷ ഇടപെടലിൽ ആ നീക്കം പൊളിഞ്ഞു. 2016 ൽ പിണറായി മുഖ്യമന്ത്രി കസേരയിൽ എത്തിയപ്പോൾ തന്നെ ധനവകുപ്പിൻ്റെ ചിറകുകൾ അരിയാനുള്ള നീക്കം തുടങ്ങിയിരുന്നു. ലാവ്ലിൻ ഫയലിലെ അഴിമതി ചൂണ്ടി കാണിച്ച ധന സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് ഫയലിൽ കുറിച്ച ആളാണ് പിണറായി വിജയൻ.
ധനവകുപ്പിനോടുള്ള പിണറായിയുടെ ഇഷ്ടക്കേടിന് കാൽ നൂറ്റാണ്ട് കാലത്തെ ആയുസുണ്ട്. കരുത്തനും ധനകാര്യ വിശാരദനുമായ ഡോ. തോമസ് ഐസക്കിൻ്റെ മുന്നിൽ ധനവകുപ്പിനെ ഇല്ലാതാക്കാനുള്ള പിണറായിയുടെ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കിഫ്ബിയും പെൻഷൻ കമ്പനിയും ഉൾപ്പെടെ ഐസക്കിൻ്റെ കാലത്ത് ധനവകുപ്പിന് കരുത്ത് കൂടുകയാണ് ചെയ്തത്.
ഐസക്കിന് സീറ്റ് കൊടുക്കാതെ ഒതുക്കി ആലപ്പുഴയിൽ ഇരുത്തിയ പിണറായി ബാലഗോപാലിന് ധന കസേര നൽകിയതോടെ ഓപ്പറേഷൻ ധനകാര്യം ആരംഭിച്ചു. ധന വകുപ്പിൽ 3 വർഷം കഴിഞ്ഞിട്ടും പകച്ച് നിൽക്കുകയാണ് ബാലഗോപാൽ. ഒരെത്തും പിടിയും ഇല്ല. കേന്ദ്രം പണം തരുന്നില്ല എന്ന പതിവ് പല്ലവിയും ആയി കാലം കഴിക്കുകയാണ് ബാലഗോപാൽ.
മന്ത്രിസഭ യോഗത്തിൽ KSR മാറ്റിയതിനെ കുറിച്ച് പോലും ബാലഗോപാൽ ഒരക്ഷരം എതിർത്ത് പറഞ്ഞില്ലെന്നാണ് അറിയുന്നത്. ധന വകുപ്പിൻ്റെ അധികാരം കവർന്നെടുക്കാനുള്ള പിണറായിയുടെ നീക്കത്തിനെതിരെ ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടന കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ സമര രംഗത്തിറങ്ങി കഴിഞ്ഞു. മുഴങ്ങുന്നത് ധനവകുപ്പിൻ്റെ മരണമണിയാണെന്നറിഞ്ഞിട്ടും പിണറായിയുടെ മുന്നിൽ മറുത്ത് ഒരക്ഷരം പറയാതെ തല കുനിച്ച് ഇരിക്കുകയാണ് കെ.എൻ. ബാലഗോപാൽ.