സ്പീക്കർ എ.എൻ. ഷംസീറിന്റെ ആവശ്യം തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിന് എംഎൽഎമാരുടെ പ്രത്യേക വികസന നിധിയിൽ നിന്നും പുസ്തകം വാങ്ങാൻ 5 ലക്ഷം രൂപ അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യമാണ് ധനമന്ത്രി തള്ളിയത്.
പ്രത്യേക വികസന നിധിയിൽ നിന്നും മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ 3 ലക്ഷം രൂപ വിനിയോഗിച്ച് പുസ്തകം വാങ്ങിയാൽ മതിയെന്ന് ധനമന്ത്രി വ്യക്തമാക്കി. ധനകാര്യ നോഡൽ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 21 ന് ഇറക്കി.
ഷംസീറിന്റെ ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ 7 കോടി രൂപ പുസ്തകം വാങ്ങിക്കാൻ ലഭിക്കുമായിരുന്നു. 3 ലക്ഷമാക്കി നിലനിർത്തിയതോടെ പുസ്തകം വാങ്ങിക്കാൻ 4.2 കോടി മതിയാകും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ ആവശ്യം ധനമന്ത്രി തള്ളിയത്.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിന്റെ മൂന്നാമത് എഡിഷൻ 2025 ജനുവരി 7 മുതൽ 13 വരെയാണ്. നിയമസഭ സമുച്ചയത്തിൽ വച്ച് നടത്തുന്ന ഈ പരിപാടിക്ക് 2 കോടി രൂപയാണ് ചെലവ്. പാർട്ടിയുടെ പുസ്തക പ്രസാധക സ്ഥാപനങ്ങളിൽ കെട്ടി കിടക്കുന്ന പുസ്തകങ്ങൾ ഇതിന്റെ മറവിൽ വിറ്റഴിക്കപ്പെടുന്നു എന്ന ആക്ഷേപം മുൻകാലങ്ങളിൽ ഉയർന്നിരുന്നു.
എംഎൽഎമാരുടെ പ്രത്യേക വികസന നിധി വിനിയോഗിച്ച് സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികൾക്കും സർക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ലൈബ്രറികൾക്കും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള ലൈബ്രറികൾക്കും പുസ്തകങ്ങൾ വാങ്ങുന്നതിനാണ് അനുമതി.