തിരുവനന്തപുരം: എഡിജിപി എംആർ ആജിത് കുമാർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പിവി അൻവർ എംഎൽഎയുടെ പരാതിയിൽ വിജിലൻസ് ചോദ്യം ചെയ്യൽ. അജിത് കുമാറിനെ ആറുമണിക്കൂർ ചോദ്യം ചെയ്തു.
ആഡംബര വീട് നിർമാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉൾപ്പെടെയുള്ള പരാതികളിലാണ് ചോദ്യം ചെയ്യൽ. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കുമെന്നാണറിയുന്നത്. വിജിലൻസ് എസ്പി കെ.എൽ. ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
തനിക്കെതിരായ അനധികൃത സ്വത്തു സമ്പാദനമെന്ന ആരോപണം വ്യാജമാണെന്നും, ഒരു വസ്തുതയുമില്ലെന്നും എഡിജിപി അജിത് കുമാർ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ലോൺ വിവരങ്ങൾ, കവടിയാറിലെ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ വിജിലൻസിന് കൈമാറി. ആരോപണത്തിന് പിന്നിൽ മതമൗലിക വാദികളാണെന്നും, പ്രത്യേക ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നും അജിത് കുമാർ പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് ഈ മാസം പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് നീങ്ങും.
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നടന്നു കയറിയ എഡിജിപി എംആർ. അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ആർഎസ്എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനിൽക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയർന്നുവന്നത്.
മലപ്പുറം മുൻ എസ്പി സുജിത് ദാസ്, മലപ്പുറത്തെ ഡാൻസാഫ് ടീം എന്നിവരും അന്വേഷണ പരിധിയിലുണ്ട്. പിവി അൻവറിൻറെയും സാക്ഷികളുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന വിജിലൻസ് എസ്.പി കെ.എൽ. ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഷിബു പാപ്പച്ചൻ, എന്നിവരാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ നടന്നത്.