സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താവ് മരണപ്പെട്ട ശേഷമുള്ള പെൻഷൻ തുകയ്ക്ക് അവകാശികൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ല എന്ന് ധനവകുപ്പിന്റെ സർക്കുലർ.
ഇത് സംബന്ധിച്ച് നവംബർ 22 ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് സർക്കുലർ പുറപ്പെടുവിച്ചു. ക്ഷേമ പെൻഷൻ നിലവിൽ 4 ഗഡുക്കൾ കുടിശികയാണ്. സർക്കാരിൻ്റെ അനാസ്ഥ കാരണമാണ് ക്ഷേമ പെൻഷൻ കുടിശിക ആയത്.
അതുകൊണ്ട് തന്നെ ക്ഷേമ പെൻഷൻ വാങ്ങുന്ന ആൾ മരണപ്പെട്ടാൽ കുടിശികക്ക് അവകാശമുണ്ടെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാരിന് ലഭിച്ചിരുന്നു. ഇതിന് വ്യക്തത വരുത്തിയാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലറിൽ പറയുന്നതിങ്ങനെ…
“സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് ഒരു കൈതാങ്ങ് സഹായം എന്ന നിലയ്ക്കാണ് സർക്കാർ സാമൂഹ്യ സുരക്ഷ പെൻഷൻ നൽകി വരുന്നത്. മരണശേഷം ടി സഹായത്തിന് പ്രസക്തിയില്ല. ആയതിനാൽ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താവ് മരണപ്പെട്ട ശേഷം സർക്കാർ അനുവദിക്കുന്ന പെൻഷൻ, കുടിശിക തുകക്ക് അനന്തരവകാശികൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ല”.
അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. ക്ഷേമ പെൻഷൻ എല്ലാ മാസവും കൃത്യമായി കൊടുക്കേണ്ടത് സർക്കാരിൻ്റെ ചുമതലയല്ലേ? നാല് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ആയതോടുകൂടി 6400 രൂപ വീതം ഓരോ ക്ഷേമപെൻഷൻകാരനും ലഭിക്കാനുണ്ട്. ക്ഷേമ പെൻഷൻകാരൻ മരണപ്പെട്ടാൽ ഈ സർക്കുലർ പ്രകാരം 6400 രൂപ സർക്കാർ കൊടുക്കണ്ട.
സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താവിന്റെ മരണശേഷം അനുവദിക്കുന്ന പെൻഷൻ/ കുടിശ്ശിക തുക അനന്തരാവകാശികൾക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാരിന് ലഭിക്കുകയും, സൂചന ഉത്തരവിലെ മേൽ ഖണ്ഡിക തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസ് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 22നാണ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവിറങ്ങിയിരിക്കുന്നത്.
സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങ് സഹായം എന്ന നിലയ്ക്കാണ് സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ നല്കി വരുന്നത്. മരണ ശേഷം ടി സഹായത്തിന് പ്രസക്തിയില്ല. ആയതിനാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താവ് മരണപ്പെട്ടശേഷം, സർക്കാർ അനുവദിക്കുന്ന പെൻഷൻ/ കുടിശ്ശിക തുകയ്ക്ക് അനന്തരാവകാശികൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ല എന്നാണ് ഉത്തരവിൽ പറയുന്നത്.
ക്ഷേമപെൻഷൻ വാങ്ങിക്കുന്ന മുതിർന്ന പൗരന്മാരിൽ നല്ലൊരു ശതമാനം പേരും പെൻഷൻ തുക ഉപയോഗിക്കുന്നത് ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സാർത്ഥം മരുന്നുകൾ വാങ്ങിക്കുവാനാണ്. പെൻഷൻ കിട്ടാതെ വരുമ്പോൾ ഈ പാവങ്ങളുടെ ചികിത്സ മുടങ്ങുന്നു.. അസുഖം മൂർച്ഛിക്കുന്നു. മുകളിലേക്കുള്ള പാസ്പോർട്ട് എളുപ്പം കിട്ടുന്നു…പോകുന്നവരുടെ എണ്ണം കൂടിയാൽ സർക്കാരിന് ലാഭക്കൊയ്ത്ത്.. ബ്ലഗോപാലനാരാ മോൻ..!!