സെക്രട്ടേറിയറ്റ് ക്യാമ്പസിൽ പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടറൈസ്ഡ് റെയിൽവേ ടിക്കറ്റ് റിസർവേഷൻ കേന്ദ്രം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി മുഖ്യമന്ത്രിക്കും ഡിവിഷണൽ റെയിൽവേ മാനേജർക്കും കത്ത് നൽകി.
ജീവനക്കാർക്കും കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും, പൊതുജനങ്ങൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു റെയിൽവേ റിസർവേഷൻ കൗണ്ടറെന്ന് ശശി തരൂർ എം.പി. കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൊതുജനാവശ്യം പരിഗണിച്ച് ഈ കൗണ്ടർ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ശശി തരൂരിന്റെ അഭ്യർത്ഥന.
റെയിൽവേയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഒരുമാസം മുമ്പ് ഈ കൗണ്ടറിന്റെ പ്രവർത്തനം നിലച്ചത്. ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കാര്യമായ സൗകര്യം ചെയ്തിരുന്ന റിസർവേഷൻ കൗണ്ടർ വളരെ ഉപയോഗപ്രദവും അവശ്യ സേവനവുമായിരുന്നുവെന്ന് ശശി തരൂർ ചൂണ്ടികാട്ടുന്നു.
സെക്രട്ടേറിയറ്റ് പോലുള്ള പ്രധാന സ്ഥലത്തെ ഇത്തരമൊരു റിസർവേഷൻ കൗണ്ടർ ജീവനക്കാരുടെ സമയവും യാത്രയും ലാഭകരമാക്കിയിരുന്നു. ഇത് പൂട്ടിയതോടെ ജീവനക്കാരും ഇതിനെ ആശ്രയിച്ചിരുന്ന ജനങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
4000ത്തോളം വരുന്ന ജീവക്കാർക്ക് ഒരു ടിക്കറ്റിന് 20യോളം കിഴിവ് വന്ന് ഉപകാരപ്രധമാകുന്ന സംവിധാനമാണ് സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ച കൊണ്ടിരുന്ന കമ്പ്യൂട്ടറൈസ്ഡ് റെയിൽവേ റിസർവേഷൻ കേന്ദ്രം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ സംവിധാനം സെക്രട്ടറിയേറ്റിൽ കൊണ്ട് വന്നത്. ഇതിപ്പോൾ പിണറായി സർക്കാർ കാലത്ത് കരാർ പുതുക്കാത്തതിന്റെ പേരിൽ അടച്ചിട്ട അവസ്ഥയിലാണ്.