സീരിയൽ വിമർശനം: പ്രേംകുമാറിനെതിരെ ആത്മയും മന്ത്രിയും

എൻഡോസൾഫാൻ പരാമർശം പിൻവലിക്കണമെന്ന് ആവശ്യം

Minister KB Ganesh kumar and Kerala State Chalachitra Academy president Prem Kumar

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സീരിയൽ പ്രവർത്തകരുടെ സംഘടനയായ ആത്മ. മന്ത്രിയും ആത്മ പ്രസിഡന്റുമായ കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാർഗത്തിന്റെ മുകളിലാണ് താങ്കൾ ഇപ്പോൾ എൻഡോസൾഫാൻ വിതറിയിരിക്കുന്നത് എന്ന് കുറ്റപ്പെടുത്തുകയാണ് കത്ത്.

കത്തിന്റെ പൂർണ്ണരൂപം

സീരിയൽ സിനിമ നടനും, കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ. പ്രേംകുമാർ ഒരിക്കൽ തൻറെ ജീവിതോപാധി ആക്കിയിരുന്ന മലയാള സീരിയലുകൾ, ‘എൻഡോസൽഫാനേ’ക്കാൾ വിഷലിപ്തമാണ് എന്ന താങ്കളുടെ പ്രസ്താവനയിൽ, ‘ആത്മ’ ശക്തമായ പ്രതിഷേധം അറിയിക്കുന്നു

ഇനി എന്തെങ്കിലും കുറവുകൾ സീരിയൽ രംഗത്ത് ഉണ്ടെങ്കിൽ തന്നെ, അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് ശ്രീ പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ താങ്കളുടെ നിലപാടിനെ ‘ആത്മ’ അപലപിക്കുന്നു…

സീരിയലിന്റെ നിർമ്മിതി, കഥ, കഥ പറയുന്ന രീതി, കഥയിൽ താങ്കൾ കണ്ടെത്തിയ സാമൂഹ്യവിപത്തുകൾ, ദുസ്സൂചനകൾ വിഷലിപ്തതതകൾ ഇവയിൽ ഒന്നിലും ഇടപെടാനോ അഭിപ്രായം പറയുവാനോ ഉദ്ദേശിക്കപ്പെട്ടവരോ നിർദ്ദേശിക്കപ്പെടുന്നവരോ അല്ല അഭിനേതാക്കൾ എന്ന്, ഒരു നടൻ എന്ന നിലയിൽ താങ്കൾക്കും വ്യക്തമായി അറിവുള്ളതാണല്ലോ തന്മൂലം, താങ്കൾ പരാമർശിക്കുന്ന ‘എൻഡോസൾഫാനിസം’ പ്രസ്താവനയുടെ പിന്നാലെ നടീനടന്മാർക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല എങ്കിലും, തങ്ങളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാനും നിർവ്വാഹമില്ല.

സീരിയലിൻറെ ഉള്ളടക്കം, കഥ പറഞ്ഞു പോകേണ്ട രീതി, പ്രധാന ടെക്നീഷ്യൻസ്, അഭിനേതാക്കൾ, അവരുടെ വസ്ത്രധാരണം തുടങ്ങി സീരിയലുമായിട്ട് ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും വിനോദ ചാനലുകൾ ആണ് നിഷ്‌കർഷിക്കുന്നത്. ആയതിനാൽ താങ്കളുടെ ആരോപണത്തിന്റെ കുന്തമുന ലക്ഷ്യം വെക്കുന്നത് കേരളത്തിലെ വിനോദ ചാനലുകളെയാണ്. മാത്രവുമല്ല, മലയാള സീരിയലുകളിൽ 90 ശതമാനവും മറ്റ് ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളുടെ മൊഴിമാറ്റം (റീമേക്ക്) ആണ് അപ്പോൾ താങ്കൾ പറയുന്ന ഈ എൻഡോസൽഫാൻ, ഇന്ത്യ മൊത്തം വിതറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അവിടെ ഒന്നും സീരിയലുകൾ വിഷമാണെന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടുമില്ല..!

എങ്കിൽ അവിടെയൊന്നും ഇല്ലാത്ത ‘എൻഡോസൾഫാനിസം’ ചില സീരിയലുകളിൽ ഉണ്ട് എന്ന് പറയുമ്പോൾ, അത് ഏത് ചാനലിൽ സംപ്രേഷണം ചെയ്യുന്ന എത് സീരിയലിൽ ആണ് എന്ന് വ്യക്തമാക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം താങ്കളിൽ നിക്ഷിപ്തതമാണ്. ഒരു പ്രഭാഷകനും ചിന്തകനും കൂടിയായ താങ്കളുടെ പ്രസ്താവനയിലെ ‘ചില സീരിയലുകളിൽ എന്നതിൽ ഒരു വ്യക്തത വരുത്തുന്നതോടുകൂടി ‘ എൻഡോസൾഫാൻ പ്രസ്താവനയിലെ നെല്ലും പതിരും തിരിച്ചറിയാൻ പറ്റും.

സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാഡമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കൾ, കഴിഞ്ഞ 4 വർഷത്തിൽ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ, മറ്റ് ഏതെങ്കിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘടിപ്പിച്ചതായി ആർക്കും അറിയില്ല. വിലകുറഞ്ഞ പ്രസ്താവനകൾക്ക് പകരം, ടെലിവിഷൻ മേഖലയുടെ ഉന്നമനത്തിനായുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഇനിയെങ്കിലും താങ്കളിൽ നിന്നും ഉണ്ടാകുമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു

സെൻസർഷിപ്പിന് വിധേയമാകാതെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന അവരുടെ ഛൃശഴശിമഹ ഇീിലേി േസിനിമകൾ, വെബ് സീരീസുകൾ,യുട്യൂബിലെ വിവിധതരം ഉള്ളടക്കങ്ങൾ, റീലുകൾ ചമയ്ക്കുന്ന വൈകൃത്യങ്ങൾ, സ്റ്റേജ് ഷോകളിൽ നടക്കുന്ന ബോഡി ഷേമിങ്ങുകൾ, വർണ്ണ വർഗ്ഗ അധിക്ഷേപങ്ങൾ .. അവഹേളനങ്ങൾ. ഇതൊക്കെ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ?

ഒരു സീരിയലിൽ 60 ഓളം ആളുകൾ (അഭിനേതാക്കൾ, ടെക്നീഷ്യൻസ്, പോസ്റ്റ് പ്രൊഡക്ഷൻ ടെക്നീഷ്യൻസ്, സപ്പോർട്ട് സർവീസ് മേഖല, ഡ്രൈവേഴ്സ്, മാനേജ്മെൻറ് സ്റ്റാഫ് ലരേ) വീതം പങ്കെടുക്കുന്ന 40 ഓളം സീരിയലുകളിലൂടെ നിരവധി സാധാരണക്കാരായ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമാണ് മലയാള സീരിയൽ മേഖല. പെൻഷൻ, പ്രോഡൻന്റ് ഫണ്ട്, ഇൻഷ്വറൻസ്, ഗ്രാറ്റിവിറ്റി, ബോണസ് തുടങ്ങി ഒരു ലൈഫ് സെക്യൂരിറ്റിയും, തൊഴിലുറപ്പും ഇല്ലാത്ത സീരിയൽ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാർഗത്തിന്റെ മുകളിലാണ് താങ്കൾ ഇപ്പോൾ ‘എൻഡോസൾഫാൻ’ വിതറിയിരിക്കുന്നത്..!

‘ആത്മ’ യിലെ ഒരു മുതിർന്ന അംഗം കൂടിയായ താങ്കൾ, മുൻപ് ഒരു അവസരത്തിൽ, ഇതേ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിൽ, ‘ആത്മ” പ്രസിഡണ്ട് ശ്രീ കെ. ബി. ഗണേഷ് കുമാർ അധ്യക്ഷം വഹിച്ച ജനറൽബോഡിയിൽ സന്നിഹിതരായിരുന്ന ‘ആത്മ’യിലെ അഭിനേതാക്കളുടെ മുൻപിൽ ഖേദപ്രകടനം നടത്തിയ കാര്യം മറന്നുപോയിട്ടില്ല എന്ന് കരുതുന്നു.

ശ്രീ പ്രേകുമാർ, താങ്കളുടെ വിമർശനം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ, സീരിയൽ സംപ്രേഷണം ചെയ്യുന്ന എല്ലാ ചാനലുകളെയും, മറ്റ് ടെലിവിഷൻ പ്രവർത്തകരെയും ഔദ്യോഗികമായി വിളിച്ചു വരുത്തി, കഥകളിലെ ‘എൻഡോസൽഫാനിസം’ ഒഴിവാക്കി, സംശുദ്ധമായ പരമ്പരകൾ പ്രേക്ഷകർക്കു നൽകുവാൻ വേണ്ട നടപടികൾ ചലച്ചിത്ര അക്കാഡമി ചെയർമാൻ എന്ന നിലയിൽ ഉടനടി താങ്കൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ആത്മ’ അംഗങ്ങളുടെ വികാരം താങ്കളെ അറിയിക്കുക എന്ന് പ്രസിഡന്റ് ശ്രീ.കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഈ തുറന്ന കത്ത്.

ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ വിമർശനം. സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ ആവശ്യപ്പട്ടിരുന്നു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായത്.

സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. ‘കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്.

എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അതിൽ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേ ദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അതിനിടെ സെൻസറിങ്ങിന് സമയമില്ല. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം എന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments