ഒളിമ്പിക് മെഡൽ ജേതാവ് ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരൻ. ഈ മാസം 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. 24നു ഹൈദരാബാദിൽ വച്ച് സുഹൃദ് സത്കാരവും നടക്കും.
സിന്ധുവിന്റെ പിതാവ് പിവി രമണയാണ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി പരിചയമുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. വിവാഹക്കാര്യം കഴിഞ്ഞ മാസമാണ് തീരുമാനമായതെന്നും രമണ പറഞ്ഞു.
കഴിഞ്ഞ ദിവസം സയ്യിദ് മോദി അന്താരാഷ്ട്ര പോരിലെ കിരീട നേട്ടത്തിലൂടെ ഇടവേളയ്ക്ക് ശേഷം താരം ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. പിന്നാലെയാണ് വിവാഹ തീയതിയും പുറത്തു വന്നത്. ജനുവരി മുതൽ താരം മത്സര രംഗത്ത് സജീവമാകുന്നതിന്റെ ഒരുക്കത്തിലാണ്. അതിനാലാണ് ഈ മാസം തന്നെ വിവാഹം നടത്തുന്നത്.