ഡല്‍ഹി: പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം. ഭരണഘടനയെ പറ്റി ചര്‍ച്ച ചെയ്യണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. സ്പീക്കര്‍ ഓം ബിര്‍ളയുമായുള്ള സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ഈ വഴിത്തിരിവ് ഉണ്ടായത്. ഡിസംബര്‍ 13, 14 തീയതികളില്‍ ലോക്സഭയിലും 16, 17 തീയതികളില്‍ രാജ്യസഭയിലും ഭരണ ഘടനയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. പാര്‍ലമെന്ററി സമ്മേളനം ഇന്നും തടസ പ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ സമ്മേളനം നവംബര്‍ 25 ന് ആരംഭിച്ചു. തടസ്സങ്ങള്‍ കാരണം ഇരുസഭകളും വളരെ നേരത്തെ തന്നെ നിര്‍ത്തിവച്ചു.
ഡിസംബര്‍ 20 വരെ സമ്മേളനം തുടരും. അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ല മെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യം യോഗം ബഹിഷ്‌ക്കരിച്ചു. സംഭാല്‍ അക്രമം, മണിപ്പൂര്‍ തുടങ്ങിയ മറ്റ് വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
നവംബര്‍ 25 ന് സമ്മേളനം ആരംഭിച്ചത് മുതല്‍ ലോക്സഭയും രാജ്യസഭയും തുടര്‍ച്ചയായി നിര്‍ത്തിവയ്ക്കുന്നതിലേക്ക് ഈ പ്രശ്‌നങ്ങള്‍ നയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തൊഴിലില്ലായ്മ, വിലക്കയറ്റം, ഫണ്ട് വിഹിതത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന വിവേചനം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തിരുന്നു.