ബീമാപള്ളി ദർഗാ ഷെരീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ 03-12-2024 ചൊവ്വാഴ്ച്ച തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ. എന്നാൽ, മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.
നാളെ ആരംഭിക്കുന്ന ഉറൂസ് മഹോത്സവം ഈ മാസം 13 ന് സമാപിക്കും. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഉത്സവമേഖലയിലേക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഡിസംബർ മൂന്നിന് രാവിലെ എട്ടിന് പ്രാർത്ഥനയും തുടർന്ന് നഗരപ്രദക്ഷിണവും നടക്കും. എട്ടാം തീയതി വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് വൈകിട്ട് 6.30ന് പ്രതിഭാ സംഗമം, പത്തിന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന് രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും. സമാപന ദിവസമായ 13ന് പുലർച്ചെ ഒന്നിന് പ്രാർത്ഥനക്ക് ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.