ശമ്പളം വൈകുമോ? പ്രതിസന്ധി പരിഹരിക്കാൻ 1500 കോടി കൂടി നാളെ രാവിലെ കേരളം കടമെടുക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർ ബാങ്കിംഗ് സംവിധാനമായ ഇ- കുബേർ വഴിയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്.
ഈ തുക കിട്ടുന്നതോടെ ഈ മാസത്തെ ശമ്പള, പെൻഷൻ പ്രതിസന്ധി മറികടക്കാൻ സാധിക്കും. പതിനൊന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. ഇതോടെ 30,747 കോടിയാകും കേരളത്തിന്റെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ്. 37,512 കടമെടുക്കാൻ കേരളത്തിന് കേന്ദ്രം അനുമതി നൽകിയിരുന്നു.
കിഫ്ബിയുടേയും പെൻഷൻ ഫണ്ട് കമ്പനിയുടേയും കടമെടുപ്പ് കുറച്ചതോടെ 28,512 കോടിയായി കടമെടുപ്പ് പരിധി കുറഞ്ഞു. സെപ്റ്റംബർ ആദ്യം തന്നെ 21,523 കോടി രൂപ ഇതിൽ കടമെടുത്തു തീർത്തു. ഓണക്കാലത്തെ പ്രതിസന്ധി മൂർച്ഛിച്ചതോടെ അത് പരിഹരിക്കാൻ 4,200 കോടി കൂടി കേന്ദ്രം അനുവദിച്ചു. ഇതോടെ കടമെടുപ്പ് പരിധി 32,712 കോടിയായി. നവംബറിൽ 2,249 രൂപ കൂടി കടമെടുത്തതോടെ മൊത്ത കടം 30,747 കോടിയായി. ഇനി കടം എടുക്കാൻ ബാക്കിയുള്ളത് 1965 കോടിയും.
സാമ്പത്തിക വർഷത്തിന്റെ അവസാന മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ചെലവുകൾ വരുന്നത്. കേന്ദ്രം കടമെടുക്കൽ തുക വീണ്ടും ഉയർത്തിയില്ലെങ്കിൽ ശമ്പളവും പെൻഷനും മുടങ്ങും എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.