ഇടുക്കി: ശബരിമല തീര്‍ത്ഥാടകരുടെ നടപ്പാതയായ സത്രം പുല്ലുമേട്, മുക്കുഴി സന്നിധാനം എന്നീ പാതകള്‍ വഴിയുള്ള യാത്ര താല്‍ക്കാലികമായി നിരോധിച്ചു. കനത്ത മൂടല്‍ മഞ്ഞും മഴയും കാരണമാണ് ഈ പാതയിലൂടെയുള്ള യാത്ര ഇന്ന് നിരോധിച്ചത്. സത്രം – പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാന്‍ അഞ്ഞൂറോളം ഭക്തര്‍ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് രാത്രി തന്നെ മുന്നറിയിപ്പ് നല്‍കി.
ഇതേത്തുടര്‍ന്ന് കുറച്ച് പേര്‍ പമ്പ വഴി പോയി. അവശേഷിച്ച ഭക്തര്‍ക്കായി കുമളിയില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വീസ് നടത്തി. അയ്യപ്പ ഭക്തരുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആവശ്യമായി വന്നാല്‍ ഏഴ് സ്ഥല ങ്ങളില്‍ താല്‍ക്കാലിക ഷെല്‍ട്ടര്‍ തുറക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.