News

നന്ദി പറഞ്ഞ് പ്രിയങ്ക മടങ്ങി; വോട്ടർമാർക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്

ലോക്‌സഭയിലേക്ക് വിജയിപ്പിച്ച വോട്ടർമാരോട് നന്ദിപറഞ്ഞ് പ്രിയങ്ക ഗാന്ധി എംപി ഡൽഹിക്ക് മടങ്ങി. രണ്ട് ദിവസം വയനാട് സന്ദർശിച്ച് നിയോജക മണ്ഡലങ്ങൾതോറും പൊതുയോഗങ്ങളിലും റോഡ് ഷോയിലും പങ്കെടുത്താണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

അടുത്ത അഞ്ചുവർഷവും അതിനുശേഷവും വയനാടിനായി മെച്ചപ്പെട്ടതും ശക്തവുമായ ഭാവിക്കായി രാവും പകലും പോരാടുമെന്ന് ഉറപ്പുനൽകിയാണ് ഓരോ പൊതുയോഗങ്ങളിലും പ്രിയങ്ക ഗാന്ധി പ്രസംഗിച്ചത്. ഇന്ത്യയിലുടനീളം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലൂടെ വേർപിരിക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തെ എല്ലാ മനോഹരമായ കാര്യങ്ങളെയും വയനാട്ടുകാർ പ്രതിനിധീകരിക്കുന്നു. വയനാട്ടുകാരുടെ ഐക്യവും അനുകമ്പയും സ്‌നേഹവും അതുല്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

വയനാട്ടിലെ ദുരന്തബാധിതർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും അതിഭീകരമായ മാനുഷിക ദുരന്തമാണ വയനാട്ടിൽ നടന്നതെന്നും അതിൽ ആരും രാഷ്ട്രീയം കാണരുതെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ദുരന്തബാധിതരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുകയാണ്. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, ഈ യോജിപ്പ് രാഷ്ട്രീയത്തിലും കാണണം- പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൃത്യമായ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, കേന്ദ്രത്തിലും സമ്മർദം ചെലുത്തും. വയനാട്ടിലേയ്ക്ക് വരുന്നത് സുരക്ഷിതമല്ലെന്നാണ് പുറത്തുനിൽക്കുന്നവർ കരുതുന്നത്.ഇവിടെ വീണ്ടും ടൂറിസം വളർത്തണം. വയനാട് അത്ര സുന്ദരമാണെന്നും കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്‌ക്കെല്ലാം മുൻഗണന നൽകുമെന്നും പ്രിയങ്ക ഗാന്ധി എംപി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *