മുംബൈ: മഹാരാഷ്ട്രയില്‍ മഹായൂതി വിജയിച്ചെങ്കിലും ഇതുവരെ മുഖ്യമന്ത്രിയാരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സസ്‌പെന്‍സ് പുറത്ത് വിടാത്തതല്ലെന്നും ഷിന്‍ഡെയാണോ ഫഡ്‌നാവിസാണോ പുതിയ മുഖ്യമന്ത്രിയെന്നത് തീരുമാനമാകാത്തതി നാലാണ് ഈ കാലതാമസമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ മുഖ്യമന്ത്രിയുടെ പേര് അന്തിമമായെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വത്തിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ബിജെപി നേതാവ് റാവുസാഹേബ് ദന്‍വെ നിലവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഹായൂതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ 5 ന് വൈകുന്നേരം ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയില്‍ നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അതില്‍ പങ്കെടുക്കുമെന്നും സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവ് ചന്ദ്രശേഖര്‍ ബവന്‍കുലെ ശനിയാഴ്ച പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുള്ള ദേവേന്ദ്ര ഫഡ്നാവിസിനാണ് സാധ്യതയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.