കേരളത്തിന്റെ സാംസ്‌കാരിക മുഖമായ കലാമണ്ഡലം കൽപിത സർവകലാശാല അധ്യായനം മുടങ്ങി പ്രതിസന്ധിയിലേക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 69 അധ്യാപകരടക്കം 125 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഡിസംബർ ഒന്നുമുതൽ ഇവരുടെ അവസാനിപ്പിച്ചുകൊണ്ട് വൈസ് ചാൻസിലറാണ് ഉത്തരവിറക്കിയത്.
ഇതോടെ കലാമണ്ഡലത്തിലെ അധ്യയനം മുടങ്ങും. പിരിച്ചുവിട്ടവരിൽ പലരും പത്തുവർഷത്തിലധികമായി ജോലിചെയ്യുന്നവരാണ്. കലാമണ്ഡലത്തെ സമ്പൂർണ സാംസ്‌കാരികസർവകലാശാലയാക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് കൂട്ടപ്പിരിച്ചുവിടൽ.
ഇതോടെ ഇനി 70 സ്ഥിരം ജീവനക്കാർ മാത്രമേ കലാമണ്ഡലത്തിൽ ഇനിയുള്ളൂ. ഇതിൽ 52 പേരാണ് അധ്യാപകർ. കഴിഞ്ഞ ആഴ്ച ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തം നിലക്ക് കണ്ടെത്തുന്ന വരുമാനം ഉപയോഗിച്ച് ശമ്പളം കണ്ടെത്തണമെന്ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് കലാമണ്ഡലത്തിലെ താൽക്കാലിക ജീവനക്കാരുടെ പിരിച്ചു വിടലിലേക്ക് നയിച്ചത്.
പ്ലാൻ ഫണ്ടിൽ നിന്ന് പണം എടുത്താണ് ഇത്തരം സ്ഥാപനങ്ങൾ പലതും ശമ്പളം നൽകിയിരുന്നത്. ധനവകുപ്പ് ഉത്തരവിന് പിന്നാലെ പ്ലാൻ ഫണ്ട് വക മാറ്റാൻ ഫിനാൻസ് ഓഫിസർമാർ അനുവദിക്കുന്നില്ല. 7,82,95,000 രൂപയാണ് കലാമണ്ഡലത്തിന് ശമ്പള ഗ്രാന്റായി 2024- 25 ലെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ശമ്പളേതര ഗ്രാന്റായി പ്ലാൻ ഫണ്ടിൽ വകയിരുത്തിയത് 19.50 കോടിയും. ശമ്പളേതര ഗ്രാന്റിന്റെ ചെറിയൊരു ഭാഗം ശമ്പളം നൽകാൻ ഉപയോഗിച്ചാൽ പ്രതിസന്ധി ഒഴിവാക്കാം. കെ.എൻ ബാലഗോപാലിന്റെ കടുംപിടിത്തമാണ് കലാമണ്ഡലത്തിലെ കാര്യങ്ങൾ അവതാളത്തിലാക്കിയത്.