യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ജോസ് കെ മാണിക്കും പാർട്ടിക്കും എന്ത് കിട്ടി? ഇനിയെന്തെങ്കിലും കിട്ടുമോ എന്നൊക്കെയുള്ള കണക്കെടുപ്പിലാണ് പാർട്ടി അണികൾ. കേരളത്തിൽ ഭരണപക്ഷത്തിരിക്കാം, പാർട്ടിക്കൊരു മന്ത്രിയുണ്ട്, ചീഫ് വിപ്പുണ്ട്, രാജ്യസഭാ എംപിയുണ്ട് ഇതൊക്കെ നേട്ടങ്ങൾ തന്നെ.. എന്നാൽ ആശയപരമായ വിയോജിപ്പ് മുന്നണി മര്യാദയുടെ പേരിൽ മറച്ചുവെച്ച് തെരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരുന്നു എന്നൊരു കാര്യമുണ്ട്. ലോക്‌സഭാ എംപി സ്ഥാനം നഷ്ടപ്പെട്ടത് അതിന്റെ ഒരു ഫലം മാത്രം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെത്തിയില്ലെങ്കിൽ മാണി കോൺഗ്രസിന്റെ നിലനിൽപ്പ് വലിയ ചോദ്യ ചിഹ്നമാകുമെന്ന് ചൂണ്ടിക്കാട്ടുകയാണ് മാധ്യമപ്രവർത്തകൻ ശ്രീകുമാർ മനയിൽ. പാലാ കാപ്പന് വിട്ടുകൊടുത്ത് ജോസ് കെ മാണി തിരുവമ്പാടിയിൽ മൽസരിക്കണം. ജോസ് മോന് വേണ്ടി മുസ്ലിം ലീഗ് മണ്ഡലം ഒഴിഞ്ഞു തരുമെന്ന കാര്യം ഉറപ്പാണെന്നും ശ്രീകുമാർ മനയിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം –
യുഡിഎഫിലെത്തിയില്ലങ്കിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് എന്ന പാർട്ടി എന്നെന്നേക്കുമായി അവസാനിക്കും. മാണി ഗ്രൂപ്പ് മാത്രമല്ല അവശേഷിക്കുന്ന എല്ലാ കേരളാ കോൺഗ്രസുകളും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു രണ്ടു നിയമസഭാ തെരെഞ്ഞെടുപ്പിനപ്പുറം ഈ പാർട്ടികൾ പോകുമോ എന്ന കാര്യം സംശയമാണ്. എൽഡിഫ് വിട്ടാൽ പിളരുമെന്ന ഭീഷണിയുണ്ടെങ്കിലും വരുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനൊപ്പമെത്തിയില്ലങ്കിൽ പിന്നെ മാണി കോൺഗ്രസിന്റെ നിലനിൽപ്പ് വലിയ ചോദ്യ ചിഹ്നമാകും. പാലാ കാപ്പന് വിട്ടുകൊടുത്ത് ജോസ് കെ മാണി തിരുവമ്പാടിയിൽ മൽസരിക്കണം. ജോസ് മോന് വേണ്ടി മുസ്ലിം ലീഗ്് മണ്ഡലം ഒഴിഞ്ഞു തരുമെന്ന കാര്യം ഉറപ്പാണ്.
കേരളാ കോൺഗ്രസുകളുടെ ചരിത്രപരമായ പ്രസക്തി ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. കാർഷികമേഖലയുടെ പ്രത്യേകിച്ച് നാണ്യവിളകളുടെ തകർച്ച അതുമൂലം ക്രൈസ്തവ മേഖലകളിൽ നിന്നും 90 കൾക്കു ശേഷം യൂറോപ്പിലേക്കും അമേരിക്ക, കാനഡ, ആസ്ത്രേലിയ എന്നിവടങ്ങളിലേക്കുണ്ടായ ചെറുപ്പക്കാരുടെ ഒഴുക്ക്്, കേരളത്തിലെ വാണിജ്യ- വിദ്യാഭ്യാസ മേഖലയിൽ ക്രൈസ്തവ മേധാവിത്വം അവസാനിപ്പിച്ചു കൊണ്ട് മുസ്ലിംകൾ കടന്നുവന്നത്, ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെയും ഹിന്ദുത്വശക്തികളുടെയും അഭൂതപൂർവ്വമായ വളർച്ച ഇവയെല്ലാം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റം വരുത്തി. കത്തോലിക്കാ രൂപതകളുടെ രാഷ്ട്രീയ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു പാർട്ടിയെന്ന സങ്കൽപ്പം ഇപ്പോൾ കാലഹരണപ്പെട്ടു കഴിഞ്ഞു.
പാലാ, കാഞ്ഞരപ്പള്ളി, ചങ്ങനാശേരി, കോതമംഗലം രൂപതകളാണ് കേരളാ കോൺഗ്രസുകളുടെ ജീവനാഡികൾ. എന്നാൽ ഈ പ്രദേശങ്ങളിലെ കത്തോലിക്ക – കത്തോലിക്കാ ഇതര ക്രൈസ്തവരുടെ രാഷ്ട്രീയ ബോധ്യങ്ങൾ മുകളിൽ സൂചിപ്പിച്ച പോലെ വലിയ മാറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞു. 60, 70, 80 കളിൽ കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വ്യവസായത്തിലൂടെയും വലിയ തോതിലുളള ക്യാഷ് ഫ്‌ളോ ക്രൈസ്തവ സമുദായത്തിലേക്കുണ്ടായിരുന്നു. ആ ക്യാഷ് ഫ്‌ളോയാണ് കത്തോലിക്കാ രൂപതകളെയും അവരുടെ രാഷ്ട്രീയ പാർട്ടിയായ കേരളാ കോൺഗ്രസുകളെയും നിലനിർത്തിയിരുന്നത്.
എന്നാൽ 90 കളുടെ അവസാനത്തോടെ അത് പതിയെ ഇടിയാൻ തുടങ്ങി. രാജ്യത്തെയും കേരളത്തിലെയും പുതിയ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാലാവസ്ഥ തങ്ങളുടെ സമുദായത്തിന് ഒട്ടും അനുയോജ്യമാകുന്നില്ലന്ന് തിരിച്ചറിഞ്ഞതോടെയാണ് കേരളത്തിൽ നിന്നും പുറത്തേക്കുള്ള ഒഴുക്ക് വർധിച്ചത്. അതോടൊപ്പം ക്രൈസ്തവ ജനസംഖ്യയിൽ പ്രത്യേകിച്ച് സിറിയൻ ക്രൈസ്തവരുടെ ജനസംഖ്യയിലുണ്ടാകുന്ന വലിയ ഇടിവ് മധ്യ കേരളത്തിലെ ചില നിയോജകമണ്ഡലങ്ങളെപ്പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കെത്തി.
ആഗോള തലത്തിൽ ഇസ്ലാമിക തീവ്രവാദം ക്രൈസ്തവരെ ലക്ഷ്യം വച്ചതും. ഇന്ത്യയിൽ ബിജെപി ഭരണം ഇനിയും തുടരുമെന്ന ഭയവും കേരളത്തിലെ ക്രിസ്ത്യാനികളെ മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതോടെ കേരളാ കോൺഗ്രസുകളുടെ പ്രസക്തി ചോദ്യചിഹ്നമായി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവ സമുദായത്തിന്റെ പിന്തുണയെന്നത് വല്ലപ്പോഴും മാത്രം ലഭിക്കുന്ന ഒന്നാണ്. അത് മനസ്സിലാക്കിയാണ് മുസ്ലിം ന്യുനപക്ഷത്തെ കൂടെ നിർത്താൻ അവർ ശ്രമിച്ചത്. എന്നാൽ ആ ശ്രമങ്ങൾ ക്രൈസ്തവരെയും സിപിഎമ്മിന്റെ നട്ടല്ലായിരുന്ന ഈഴവാദി പിന്നോക്ക വിഭാഗങ്ങളെയും പാർട്ടിയിൽ നിന്നകറ്റി. പണി കിട്ടിയ സിപിഎം ഇപ്പോൾ റിവേഴ്സ് ഗിയറിലാണ്.
ഏതായാലും ജോസ് കെമാണിയും കൂട്ടരും എത്രയും പെട്ടെന്ന് ഇടതമുന്നണി വിട്ട് യുഡിഎഫിൽ ചേക്കേറുന്നതാണ് നല്ലത്. എങ്കിൽ അടുത്ത മന്ത്രി സഭയിൽ മികച്ച വകുപ്പിലെ മന്ത്രി സ്ഥാനവും എടുത്ത് പാർട്ടിയെ കുറച്ച് കാലത്തേക്കെങ്കിലും പിടിച്ചു നിർത്താം. റോഷി അഗസ്റ്റിൻ പാർട്ടി പിളർത്തുമെന്ന് ഭയന്ന് ഇടതിൽ തുടരാനാണ് ഭാവമെങ്കിൽ പിന്നെ ആടുകിടന്നിടത്ത് പൂട പോലുമുണ്ടാകില്ല.