വയനാട്: പുതിയ വയനാട് എംപിയായ പ്രിയങ്കഗാന്ധി ലാത്തിചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കാണാതെ ഡല്‍ഹിക്ക് മടങ്ങിയതില്‍ കടുത്ത വിമര്‍ശനം. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തിയ സമരത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഇന്നലെ ലാത്തി ചാര്‍ജ് ഉണ്ടായത്.
പരിക്കേറ്റ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലാണ്. നിയമസഭ മണ്ഡലങ്ങളിലെ പരിപാടികള്‍ക്ക് ശേഷം മേപ്പാടിയിലെ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കണമെന്ന് മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രിയങ്കയോട് ആവശ്യപ്പെട്ടെങ്കിലും സമയപരിമിതി മൂലം പ്രിയങ്ക ഡല്‍ഹിക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രിയങ്ക നേതാക്കളെ ഫോണില്‍ വിളിക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും അടുത്ത തവണ വരുമ്പോള്‍ നേരില്‍ കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.