എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപ്പെട്ട കണ്ണൂർ കളക്ടർ അരുൺ കെ വിജയന് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി. എന്നാല്‍, കാസർകോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലാ കളക്ടർമാർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള അനുമതി മുഖ്യമന്ത്രി നൽകിയില്ല.
ഡിസംബർ രണ്ടിന് ആരംഭിച്ച് ഒരുമാസം നീളുന്ന മിഡ് കരിയർ പരിശീലന പരിപാടിയിലേക്ക് അരുൺ കെ വിജയനെ അയക്കുന്നത് കണ്ണൂർ കളക്ടറേറ്റിലെ പ്രതിഷേധത്തെ തുടർന്നാണെന്ന വാദവും ഉയരുന്നുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടറുടെ നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഒരു ഉദ്യോഗസ്ഥനെ ജില്ല പഞ്ചായത്ത് പ്രസിഡന്റിന് പരസ്യമായി അവഹേളിക്കാൻ അവസരമൊരുക്കിയെന്നതും നവീൻ ബാബുവുമായി ആദ്യമേ തന്നെ അകൽച്ചയിലായിരുന്നു അരുൺ കെ വിജയൻ എന്നുള്ള വെളിപ്പെടുത്തലും വലിയ ചർച്ചയായിരുന്നു.
ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയുടെ എൻഒസി ആവശ്യമാണ്. ഇതാവശ്യപ്പെട്ട മറ്റ കളക്ടർമാർക്കുള്ള എൻഒസി നിഷേധിക്കപ്പെട്ടിടത്താണ് കളക്ടർമാരിൽ അരുൺ കെ വിജയന് മാത്രം അനുമതി. ഇദ്ദേഹത്തെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഫിനാൻഷ്യൽ റിസോഴ്സ്) ശ്രീറാം വെങ്കിട്ടരാമൻ, വനിതാ ശിശു വികസന ഡയറക്ടർ ഹരിത വി കുമാർ, അഡീഷണൽ സെക്രട്ടറി (റവന്യൂ) ഷീബ ജോർജ്, ഡയറക്ടർ (എസ്ടി വികസനം) രേണു രാജ് ഉൾപ്പെടെ 20 ഐഎഎസ് ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാനുള്ള ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.
നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അരുണിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിലാണ് ഈ തീരുമാനം. അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തിനിടെ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അസ്വാഭാവിക മരണം.
എഡിഎമ്മിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയ ദിവ്യയെ തടയാൻ ഇടപെടാത്തതിനാൽ കലക്ടറുടെ നിഷ്‌ക്രിയത്വത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എഡിഎമ്മിന്റെ പ്രൊഫഷണലിസത്തിനും സത്യസന്ധതയ്ക്കും എതിരെയുള്ള അവഹേളനമാണ് ഇവരുടെ പരാമർശം, കളക്ടർ ഇടപെടാത്തത് നവീൻ ബാബുവിന്റെ കുടുംബം ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി. കൂടാതെ, അരുണിന്റെ നേതൃത്വത്തിനെതിരെ കണ്ണൂർ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തി വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അരുണിനുള്ള പരിശീലന പരിപാടി സാധാരണ ഭരണപരമായ നീക്കമാണോ അതോ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റി നിർത്തുന്നതാണോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. കളക്ടറോട് അകൽച്ച പാലിക്കുന്ന കളക്ടറേറ്റിലെ ജീവനക്കാരെ ആശ്വാസിപ്പിക്കാൻ ഇത് സഹായകരമാകുമെന്ന വിലയിരുത്തലുമുണ്ട്. ജില്ലാ കളക്ടർമാർക്കുള്ള ഹ്രസ്വകാല പരിശീലനം പോലുള്ള സന്ദർഭങ്ങളിൽ, ചുമതല താൽക്കാലികമായി എഡിഎംമാർക്ക് കൈമാറുകയാണ് പതിവ്.