
ഹൈക്കോടതി ജഡ്ജിമാരുടെ ഗ്രാറ്റുവിറ്റി 25 ലക്ഷമാക്കി
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാരുടെ ഗ്രാറ്റുവിറ്റി 25 ലക്ഷം ആക്കി ഉയർത്തി സർക്കാർ ഉത്തരവ്. 20 ലക്ഷം ആയിരുന്ന ഗ്രാറ്റുവിറ്റി തുകയാണ് 25 ലക്ഷം ആക്കി ഉയർത്തിയത്.
വർധിപ്പിച്ച അനുകൂല്യത്തിന് 01.01.2024 മുതൽ മുൻകാല പ്രാബല്യം ലഭിക്കും. ഇതോടെ 2024 ജനുവരി മുതൽ വിരമിച്ച ജഡ്ജിമാർക്കും കുടിശികയ്ക്ക് അർഹത ഉണ്ടാകും. ക്ഷാമബത്ത 50% കവിഞ്ഞതാണ് ഗ്രാറ്റുവിറ്റി ഉയർത്തിയതിനു കാരണം.
ക്ഷാമബത്ത 50% കവിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുൻപ് വീട്ടുവാടക ബത്തയിലും വലിയ വർധനവാണ് ഓൾ ഇന്ത്യ സർവീസ് ഓഫീസർമാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും ലഭിച്ചത്.

2021 ലെ സെൻട്രൽ സിവിൽ സർവീസസ് പെൻഷൻ റുൾ, 2021 ലെ സെൻട്രൽ സിവിൽ സർവീസസ് (പേയ്മെന്റ് ഓഫ് ഗ്രേറ്റുവിറ്റി അണ്ടർ നാഷണൽ പെൻഷൻ സിസ്റ്റം) റൂൾ പ്രകാരം ഗ്രാറ്റുവിറ്റി 25 ലക്ഷമാക്കി ഉയർത്തിയതിന്റെ ചുവട് പിടിച്ചാണ് സർക്കാർ ഉത്തരവ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ മാത്രം പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിച്ചിട്ടില്ല.