CinemaNews

ചെയ്യില്ലെന്ന് മമ്മൂട്ടി ; ഒടുവിൽ സമ്മതിപ്പിച്ചതിങ്ങനെ

അന്നും ഇന്നും കരിയറിൽ തന്റേതായ തീരുമാനങ്ങളുള്ള നടനാണ് മമ്മൂട്ടി. ചില സീനുകൾ ചെയ്യാൻ മമ്മൂട്ടി ഒരിക്കലും തയ്യാറാകാറില്ല. അത്തരത്തിൽ ഇന്റിമേറ്റ് രം​ഗങ്ങളോട് നടൻ നോ പറയാറാണ് പതിവ്. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ഇത്തരം ചില നിബന്ധനകൾ താരം ഇന്നും വെക്കുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സാജൻ. ഒരു നോക്ക് കാണാൻ എന്ന സിനിമയിൽ നടൻ വെച്ച നിബന്ധനയെക്കുറിച്ചാണ് സാജൻ സംസാരിച്ചത്.

ഇന്റിമേറ്റ് രം​ഗം ചെയ്യില്ലെന്ന് മമ്മൂട്ടി തന്നോട് തീർത്ത് പറഞ്ഞിരുന്നുവെന്നാണ് സാജൻ പറയുന്നത്. സഫാരി ടിവിയോടാണ് പ്രതികരണം. കഥയെല്ലാം പൂർത്തിയാക്കി. ബേബി ശാലിനി ഡബിൾ റോളിലാണ് അഭിനയിക്കുന്നത്. മമ്മൂട്ടി, അംബിക, മേനക തുടങ്ങിയ ആർട്ടിസ്റ്റുകളെയെല്ലാം തീരുമാനിച്ചു. ഞങ്ങൾ മമ്മൂട്ടിയുടെ പനമ്പള്ളി ന​ഗറിലെ വീട്ടിൽ പോയി കഥയും പറഞ്ഞു. എന്നാൽ കഥ കേട്ടയുടനെ ഈ പടത്തിൽ ഞാനില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അങ്ങനെ പറയാൻ കാരണം എന്തെന്ന് മമ്മൂട്ടിയോട് ചോദിച്ചപ്പോൾ കഥയ്ക്ക് കുഴപ്പമില്ല, ഈ കഥ 150 ദിവസം ഓടും. പക്ഷെ വേറൊരു കുഴപ്പമുണ്ട്. ഇതിൽ ഞാൻ കല്യാണം കഴിച്ച സ്ത്രീയിലുണ്ടാകുന്ന കുട്ടിയാണ് ബേബി ശാലിനി. പണ്ട് അംബികയെ പ്രേമിച്ച് ചതിച്ചിട്ട് പോയി. അതിലുണ്ടാകുന്ന കുട്ടിയും ബേബി ശാലിനിയാണ്. ചതിച്ചിട്ട് പോയതല്ല, തക്കതായ കാരണമുണ്ടെന്ന് ഞാൻ പറഞ്ഞു.

എന്തായാലും എനിക്ക് രണ്ട് മക്കൾ ഉണ്ടാകുന്നുണ്ടല്ലോ, ആകാശത്ത് നിന്നൊന്നും കൊച്ചുങ്ങൾ ഉണ്ടാകില്ലല്ലോ, ഞാനേതെങ്കിലും സ്ത്രീകളെ തൊട്ട് അഭിനയിക്കേണ്ടേ, ആ വക പരിപാടി ഇങ്ങോട്ട് പറ്റില്ല. തൊടാതെയുള്ള സംഭവങ്ങളുണ്ടെങ്കിൽ ചെയ്യാം, അല്ലാതെ യാതാെരു കാരണവശാലും ചെയ്യാനാകില്ലെന്ന് മമ്മൂട്ടി തീർത്ത് പറയുകയായിരുന്നു. എന്നാൽ ഈ പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ടെക്നീഷ്യൻസ് എന്ന വിഭാ​ഗമുണ്ടല്ലോ. ഒരു പെണ്ണിനെ കെട്ടിപ്പിടിച്ച് ബെഡ് റൂം കാണിക്കാതെ തന്നെ ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ അതെങ്ങനെയെന്ന് ആയിരുന്നു മമ്മൂട്ടിയുടെ ചോദ്യം.

എന്നാൽ തോളത്ത് കെെയിടുന്നതിൽ പ്രശ്നമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു. അതിൽ പ്രശ്നമില്ലെന്ന് നടൻ പറഞ്ഞു. അങ്ങനെയാണ് മമ്മൂട്ടി ഒരു നോക്ക് കാണാൻ എന്ന സിനിമയിൽ അഭിനയിക്കാൻ തയ്യാറായെന്നും സാജൻ പറയുന്നു. അതേസമയം, കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇന്ന് കടന്ന് പോകുന്നത്. വ്യത്യസ്തമായ വേഷങ്ങൾ താരത്തെ തേടി ഇന്നെത്താറുണ്ട്.

ഇന്റിമേറ്റ് രം​ഗങ്ങൾ നടൻ ഇപ്പോഴും ചെയ്യാറില്ല. എന്നാൽ ഏറെ ചർച്ചയായ കാതൽ ദ കോർ, പേരൻപ് തുടങ്ങിയ സിനിമകളിൽ നടൻ വ്യത്യസ്ത വേഷം ചെയ്തിരുന്നു. ബസൂക്ക, ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് തുടങ്ങി താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 73 കാരനായ മമ്മൂട്ടി കരിയറിൽ വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നതിനാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *