ക്വാലലംപൂര്: മലേഷ്യയില്‍ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 80,000-ത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു. കനത്ത വെള്ളപ്പൊക്കത്തില്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ കെലന്തന്‍ സംസ്ഥാനത്തും അയല്‍രാജ്യമായ തെരെങ്കാനുവിലും ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളിലായി 467 താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് 80,589 താമസക്കാരെയാണ് മാറ്റിപ്പാര്‍പ്പിച്ചതെന്ന് ദേശീയ ദുരന്ത കമാന്‍ഡ് സെന്റര്‍ അറിയിച്ചു.
കെലന്തന്‍, തെരെങ്കാനു, സരവാക്ക് എന്നിവിടങ്ങളിലായി നാല് മരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച്ച വരെ രാജ്യവ്യാപകമായി കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കനത്ത മഴ പെയ്യുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാരണം 34 ദശലക്ഷം ആളുകളുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് വെള്ളപ്പൊക്കം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 2014-നെ അപേക്ഷിച്ച് 2024ല്‍ വന്ന വെള്ളപ്പൊക്കം അതി രൂക്ഷമാണെന്ന് ഉപപ്രധാനമന്ത്രി അഹ്‌മദ് സാഹിദ് ഹമീദി വ്യാഴാഴ്ച പറഞ്ഞു.