ടെല്‍ അവീവ്: ലോക കോടതി ഇസ്രായേല്‍ നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പുറപ്പെടുവിച്ച് അറസ്റ്റ് വാറന്റിന് അപ്പീല്‍ നല്‍കി. ഇന്നാണ് അപ്പീല്‍ നല്‍കാനായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ നെതന്യാഹു സമീപിച്ചത്. അപ്പീല്‍ തീരുന്നത് വരെ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരായ അറസ്റ്റ് വാറണ്ട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ലോക കോടതിയോട് അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ യുദ്ധത്തില്‍ നിരവധി കുറ്റകൃത്യം ചെയ്തതിനാണ് ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ലോക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും സമാനമായ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ലോക കോടതിയില്‍ അപ്പീലിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ‘ഇസ്രായേല്‍ രാജ്യം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അധികാരപരിധിയെയും അറസ്റ്റ് വാറന്റുകളുടെ നിയമസാധുതയെയും വെല്ലുവിളിക്കുന്നു. കോടതി ഈ ആവശ്യം നിരസിച്ചാല്‍ ഇസ്രായേല്‍ രാഷ്ട്രത്തിനെതിരെ എത്രമാത്രം പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കയിലും ലോകമെമ്പാടുമുള്ള ഇസ്രായേലിന്റെ സുഹൃത്തുക്കള്‍ക്ക് ഇത് കൂടുതല്‍ തെളിയിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.