സർക്കാർ സർവ്വീസിൽ അസിസ്റ്റന്റ്, ക്ലർക്ക് തസ്തികകളിലുള്ളവർക്ക് കമ്പ്യൂട്ടർ വേർഡ് പ്രോസസിങ് പാസായിരിക്കണമെന്ന നിയമം മാറ്റി. പകരം മിനിറ്റിൽ മലയാളത്തിൽ ഏറ്റവും കുറഞ്ഞത് 15 വാക്കും ഇംഗ്ലീഷിൽ ഏറ്റവും കുറഞ്ഞത് 20 വാക്കും ടൈപ്പ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ആർജ്ജിച്ചിട്ടുണ്ടെന്ന് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുൻപ് ഓഫീസ് മേലധികാരി ഉറപ്പാക്കിയാൽ മതിയെന്ന വ്യവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിലവിൽ അസിസ്റ്റന്റ്/ക്ലർക്ക്/മറ്റ് സമാന തസ്തികകളിൽ തുടർച്ചയായ മൂന്നുവർഷത്തിനുള്ളിൽ രണ്ടു വർഷത്തെ സേവനമാണ് പ്രൊബേഷൻ കാലയളവായി നിഷ്‌കർഷിച്ചിട്ടുള്ളത്. ആയതിൻ പ്രകാരം 26/10/2022 ലോ അതിന് ശേഷമോ നിയമന ശിപാർശ ലഭിച്ച് മേൽ തസ്തികകളിൽ പ്രവേശിച്ചവർ മറ്റു തരത്തിൽ യോഗ്യരായിരുന്നുവെങ്കിൽ രണ്ടു വർഷം സേവനം പൂർത്തിയാക്കുന്ന മുറയ്ക്ക് അവർ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിക്കാമായിരുന്നു. എന്നാൽ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്/ തത്തുല്യയോഗ്യത നേടുന്നതിനുള്ള പരീക്ഷ നടത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് നിബന്ധനയിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഐ.എം.ജി./മറ്റു വകുപ്പ് പരിശീലന സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന ഇൻഡക്ഷൻ ട്രെയിനിംഗ് പോലുള്ള പരിശീലന പരിപാടികളൂടെ മിനിറ്റിൽ മലയാളത്തിൽ ഏറ്റവും കുറഞ്ഞത് 15 വാക്കും ഇംഗ്ലീഷിൽ ഏറ്റവും കുറഞ്ഞത് 20 വാക്കും ടൈപ്പ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ആർജ്ജിച്ചിട്ടുണ്ടെന്ന് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുൻപ് ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മേൽ തസ്തികകളിൽപ്പെട്ട ജീവനക്കാർ മറ്റു തരത്തിൽ യോഗ്യരാണെങ്കിൽ അവരുടെ പ്രൊബേഷൻ പ്രഖ്യാപിക്കേണ്ടതാണെന്നാണ് ഉത്തരവ്.
ഇ-ഓഫീസിൽ അധിഷ്ഠിതമായ ഓഫീസ് നടപടിക്രമങ്ങളാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നടപ്പിലാക്കി വരുന്നത്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനും വിവരങ്ങൾ അതിലേക്ക് എൻട്രി വരുത്തുന്നതിനുമുള്ള പ്രാഥമികമായ ജ്ഞാനം എല്ലാ ജീവനക്കാർക്കും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുന്നതിന് ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ഉപാധികൾ ഉണ്ടായിരിക്കേ കെ.ജി.ടി.ഇ, ടൈപ്പ്‌റൈറ്റിംഗ് പോലുള്ള യോഗ്യതകൾ അധികമായി നിഷ്‌ക്കർഷിക്കുന്നത് ഒരു പുതിയ ഇ- ഗവേണൻസ് കാലത്തിന് അനുയോജ്യമാണെന്ന് സർക്കാർ കരുതുന്നില്ല.