കൊച്ചി: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. രണ്ട് സിനിമാ നിര്‍മ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് റെയ്ഡില്‍ പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്നതടക്കമാണ് പരിശോധന.
ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റാണ് റെയ്ഡ് നടത്തുന്നത്. മുന്‍പ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാവായ സൗബിനെതിരെ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു.ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു പരാതി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസ് കണ്ടെത്തികയും അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കേസില്‍ ആദായ നികുതി വകുപ്പ് ഇടപെട്ടത്.