ന്യൂഡൽഹി: അദാനി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ ബഹളം. സഭ നിർത്തിവെച്ചു. ഭരിപക്ഷം അദാനിയെ സംരക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം നോട്ടീസ് നൽകിയതിന് പിന്നാലെ ഇരുസഭകളും പിരിഞ്ഞു.
അദാനിക്കെതിരെയുള്ള കുറ്റങ്ങളൊന്നും അവർ അംഗീകരിക്കില്ലെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ചെറിയ കുറ്റങ്ങളുടെ പേരിൽ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുന്നില്ലേ.. പിന്നെന്തിന് ഇത്രയും വലിയ കുറ്റം ചെയ്ത അദാനിയെ അറസ്റ്റ് ചെയ്യുന്നില്ല… അദാനി ആരോപണങ്ങൾ അംഗീകരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? രാഹുൽ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു.
ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കും എതിരെ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ലെന്ന അദാനി ഗ്രൂപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മറുപടി. യു.എസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്.സി.പി.എ) ലംഘനം നടത്തിയിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നത്. കൈക്കൂലി ഉൾപ്പെടെയുള്ള സെക്യൂരിറ്റീസ് തട്ടിപ്പാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
‘അദാനിയെ അറസ്റ്റ് ചെയ്യുക, ചോദ്യം ചെയ്യുക. അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. കാരണം ബിജെപിയുടെ മുഴുവൻ ഫണ്ടിംഗും അദാനിയുടെ കൈകളിലാണ്. അതുകൊണ്ട് പ്രധാനമന്ത്രി ആഗ്രഹിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല. ഒരു തരത്തിൽ പറഞ്ഞാൽ അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു. ഇന്ത്യ അദാനിയുടെ പിടിയിലാണ് ‘ എന്ന് അദാനി വിഷയത്തിൽ രാഹുൽഗാന്ധി നേരത്തേ പറഞ്ഞിരുന്നു.