ശബരിമല പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പൊലീസുകാർക്ക് കണ്ണൂർ ‘കെഎപി 4’ ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദേശം നൽകി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ കർശന നിർദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോർട്ട് നൽകും.
പൊലീസുകാർ നടത്തിയത് ആചാര ലംഘനമാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിക്ഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, ആചാര സംരക്ഷണ സമിതി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ ഹർജിയും നൽകി. ഹൈക്കോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഫോട്ടോഷോട്ട് സംഭവത്തിലുണ്ടായത്. ഇത് അംഗീകരിക്കാനാകുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധം കനക്കുന്നതിനിടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞുനിന്ന് എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. സന്നിധാനത്ത് ആദ്യഘട്ട ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ തിരിച്ചിറങ്ങുമ്പോഴാണ് ഫോട്ടോ എടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതൽ മുകളിൽവരെ വരിവരിയായി നിന്നാണ് മുപ്പതോളം പൊലീസുകാർ ഫോട്ടോയെടുത്തത്.
തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽപെട്ടവരാണ് ഇവർ. പതിനെട്ടാംപടി ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. മേൽശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാർ പോലും പൂജകൾക്കടക്കം പുറംതിരിഞ്ഞ് ഇറങ്ങാറില്ല.
ഇരുമുടിക്കെട്ടില്ലാതെ ആരേയും പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ല. ശ്രീകോവിൽപോലെ ഭക്തർ പവിത്രമായി കരുതുന്ന ഇടമാണ് പതിനെട്ടാംപടി. പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അവകാശം. തീർത്ഥാടകരെ പടികയറാൻ പടിയുടെ അരികിൽ നിന്നാണ് പൊലീസുകാർ സഹായിക്കുന്നത്. സന്നിധാനത്ത് ഫോട്ടോയെടുക്കുന്നതിന് നിരോധനമുണ്ട്. ഇത് അവഗണിച്ച് ചില തീർത്ഥാടകർ മൊബൈലിൽ ഫോട്ടോയെടുക്കാറുണ്ട്.