National

സമൂഹ വിവാഹത്തില്‍ വിതരണം ചെയ്തത് വ്യാജ ആഭരണങ്ങളും കേടായ വീട്ടുപകരണങ്ങളും, യുപി മുഖ്യമന്ത്രിക്കെതിരെ ആരോപണം

ബസ്തി: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വന്‍ ആരോപണം. നിര്‍ധനരായ യുവതികളെ സഹായിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടപ്പാക്കിയ കൂട്ടവിവാഹ പദ്ധതിയില്‍ വിതരണം ചെയ്തത് നിലവാരമില്ലാത്ത സമ്മാനങ്ങളും വ്യാജ ആഭരണങ്ങളുമാണെന്നാണ് വിമര്‍ശനം. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഗുണനിലവാരമില്ലാത്ത സമ്മാനങ്ങള്‍ വിതരണം ചെയ്തതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് വിതരണ പരിപാടി നടന്നത്.

543 നിരാലംബരായ പെണ്‍കുട്ടികളുടെ വിവാഹ ചടങ്ങായിരുന്നു നടന്നത്. വധുക്കള്‍ക്ക് വ്യാജ ആഭരണങ്ങളും സമ്മാനമായി കേടായ പ്രഷര്‍ കുക്കറുകള്‍, ലിപ്സ്റ്റിക്കുകള്‍, കണ്ണാടികള്‍, പാത്രങ്ങള്‍, നിലവാരം കുറഞ്ഞ സാരികള്‍ തുടങ്ങിയ നിലവാരമില്ലാത്ത വീട്ടുപകരണങ്ങളാണ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ സ്‌കീം അനുസരിച്ച്, ഓരോ വധുവിനും ഐഎസ്‌ഐ മുദ്രയുള്ള ആഭരണങ്ങള്‍, പ്രഷര്‍ കുക്കര്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കുറഞ്ഞത് അഞ്ച് മീറ്റര്‍ നീളമുള്ള സാരികള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കൊപ്പം 51,000 രൂപയും ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ പദ്ധതിക്ക്് വിപരീതമായിട്ടാണ് അവയെല്ലാം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *