നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Naveen babu and PP Divya

കണ്ണൂരിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണ ഏജൻസി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

സംസ്ഥാന പൊലീസിന്റെ തെളിവു ശേഖരണവും അന്വേഷണവും തൃപ്തികരമല്ല. നിലവിലെ പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സിപിഎം നേതാവ് പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാകുമെന്ന് കരുതാനാകില്ല. ഭരണതലത്തിൽ അടക്കം പ്രതിയായ സിപിഎം നേതാവിന് വലിയ സ്വാധീനമുണ്ട്. അതിനാൽ കേരളത്തിന് പുറത്തുള്ള കേന്ദ്ര ഏജൻസി അന്വേഷിച്ച് നീതി നൽകണമെന്നാണ് കുടുംബം ഹർജിയിൽ ആവശ്യപ്പെടുന്നത്.

സിപിഎം നേതാവ് പ്രതിയായ പൊലീസിന്റെ അന്വേഷണം കേസ് അട്ടിമറിക്കാനും തെളിവു നശിപ്പിക്കപ്പെടാനും ഇടയാക്കുമെന്ന് കുടുംബം ഹർജിയിൽ ആശങ്കപ്പെടുന്നു. പൊലീസിന്റെ അന്വേഷണം നീതിപൂർവകമാവില്ല. കേസിൽ കുറ്റക്കാർക്കെതിരെ ശരിയായ നിലയിൽ അന്വേഷണം നടത്തിയാൽ മാത്രമേ നവീൻബാബുവിന്റെ മരണത്തിൽ നീതി ലഭ്യമാകൂ.

ശരിയായ അന്വേഷണം പൊലീസിന്റെ ഭാഗത്തു നിന്നും ഇപ്പോഴത്തെ നിലയിൽ ഉണ്ടാകുമെന്ന് കരുതാനാവില്ല. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമുണ്ടായി. സാക്ഷി മൊഴികൾ ക്രോഡീകരിക്കുന്നതിൽ അടക്കം വീഴ്ചയുണ്ടായി. അന്വേഷണത്തിൽ വിവിധ തലങ്ങളിൽ ഉന്നത ഇടപെടലുകളുണ്ടായിട്ടുണ്ട്. കേസിലെ പ്രതിക്ക് സംസ്ഥാന സർക്കാരിലെ ഉന്നതരുമായും പൊലീസുമായും ബന്ധമുള്ളവരാണെന്നും കുടുംബം ഹർജിയിൽ പറയുന്നു. ഹർജി അടുത്ത ദിവസം തന്നെ ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.

പൊലീസിന്റെ തെളിവുശേഖരണത്തിൽ തൃപ്തിയില്ലെന്ന് നേരത്തെ നവീൻബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത വ്യക്തമാക്കിയിരുന്നു. ജില്ലാ കലക്ടറും പ്രതിയും ഉപയോഗിച്ചു വന്നതായ ഒന്നിലധികം ഫോൺനമ്പറുകൾ പരാതിയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പൊലീസിന്റെ റിപ്പോർട്ടിൽ അതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല. കൂടാതെ പ്രശാന്തിന്റെ കോൾ റെക്കോർഡ്സും സിഡിആറും എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശാന്തിന്റെ നമ്പർ സംബന്ധിച്ച യാതൊന്നും റിപ്പോർട്ടിൽ കാണുന്നില്ല. ദിവസങ്ങൾ കഴിയുന്നതോടെ ഈ തെളിവുകളെല്ലാം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കുടുംബത്തിന്റെ അഭിഭാഷക സജിത പറഞ്ഞു.

തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തലശേരി കോടതിയിൽ ഹർജി നൽകിയിരുന്നു. ജില്ലാ കലക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. ജില്ലാ കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങളും കലക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി. കുറ്റാരോപിതർ പ്രതികൾ അല്ലാത്തതിനാൽ കോൾ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഹർജിയിൽ ഡിസംബർ മൂന്നിന് കോടതി വിധി പറയും.

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. പെട്രോൾ പമ്പിന് അനുമതി വൈകിച്ചു എന്ന ആരോപണത്തിനും തെളിവില്ലെന്ന് റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്മേൽ തുടർനടപടി വേണമെന്ന കുറിപ്പോടെ നവംബർ ഒന്നിനാണ് റവന്യൂമന്ത്രി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. നവീൻബാബു അഴിമതിക്കാരനല്ലെന്ന് റവന്യൂമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. നവീൻ ബാബുവിന് കൈക്കൂലി നൽകി എന്നു പറഞ്ഞ പ്രശാന്തനെതിരെയും സർക്കാർ ഇതുവരെ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. ഉപതെരഞ്ഞെടുപ്പ് വേളയിൽ സർക്കാർ നവീൻബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ അതിശക്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പറഞ്ഞിരുന്നു.

2 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Girish PT
Girish PT
7 days ago

Yes. If the family of K M Basheer too could have managed to get the High Court convinced on the importance of ordering a CBI enquiry on his murder by Sriram Vankidaraman, the entire modus operandi that still remains in disguise about the way the evidence were manipulated and destroyed in order to save that white collar elite criminal would have obviosly been exposed, leading to skeletons rolling down the cupboard.