മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതിനേക്കാൾ വോട്ടുകൾ എണ്ണിയെന്ന റിപ്പോർട്ടുമായി ദി വയർ. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ഇസിഐ) കണക്കനുസരിച്ച്, ആകെ പോൾ ചെയ്തത് 64,088,195 വോട്ടുകൾ (66.05%) ആയിരുന്നു. എന്നാൽ 64,592,508 ആണ് എണ്ണിയതെന്നും അതായത് 504,313 അധികമാണ് ഇതെന്നും ദി വയർ ചൂണ്ടിക്കാട്ടുന്നു.
5,04,313 എന്ന ഈ വ്യത്യാസം വളരെ വലിയ ഒരു സംഖ്യയും ഗുരുതരമായ കണ്ടെത്തലുമാണ്. എട്ട് മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവായിരുന്നു എണ്ണിയതെങ്കിൽ, ബാക്കിയുള്ള 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളാണ് എണ്ണിയത്. പോൾ ചെയ്തതിനേക്കാൾ 4,538 വോട്ടുകൾ കൂടുതൽ എണ്ണപ്പെട്ട അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകൾ രേഖപ്പെടുത്തിയത്. – ദി വയർ റിപ്പോർട്ട് പറയുന്നു.
ഈ പൊരുത്തക്കേടുകൾ 2024 മെയ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പോളിംഗ് ഡാറ്റയും ഓരോ പോളിംഗ് സ്റ്റേഷനിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ഫോം 17 സിയും സംബന്ധിച്ച് ഉന്നയിച്ച ആശങ്കകളെ ബലപ്പെടുത്തുന്നതാണ് ഇത്. അഞ്ചു മുതൽ ആറു ശതമാനം വരെയാണ് പൊരുത്തക്കേട്.
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ദി പ്രിന്റ് മാഗസിൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.