ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഗ്രൂപ്പ് ഫോട്ടോയെടുത്ത സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി താക്കീത് നൽകി.
സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ല. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്‌സിക്യുട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.
അതേസമയം, പൊലീസുകാർ ഫോട്ടോ എടുത്ത സംഭവത്തിൽ എഡിജിപി എസ് ശ്രീജിത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി എപി ബറ്റാലിയനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഫോട്ടോയിൽ ഉൾപ്പെട്ട പൊലീസുകാരുടെ വിശദീകരണം തേടും. പതിനെട്ടാംപടിയിൽ ആദ്യം ഘട്ടത്തിൽ ഡ്യൂട്ടിയ്‌ക്കെത്തിയ പൊലീസുകാരാണ് മടങ്ങും മുമ്പ് ഫോട്ടോ എടുത്തത്.
തീർത്ഥാടകരിൽ നിന്ന് ഭക്ഷണത്തിന് കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെ നടപടിവേണമെന്നും കോടതി വാക്കാൽ പറഞ്ഞു. ഡിസംബർ ഒന്നുമുതൽ ആറുവരെ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് സർക്കാരും അറിയിച്ചു. ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.