പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രാജി സന്നദ്ധത അറിയിച്ച കെ.സുരേന്ദ്രന്റെ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തകൻ സന്ദീപ് വാര്യർ രംഗത്ത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാനക്കാരണക്കാരൻ എന്നതായിരുന്നു താൻ നേരത്തെ നൽകിയ പ്രതികരണം. ആ പ്രതികരണത്തിൽ താൻ ഉറച്ച് നിൽക്കുന്നു.
പക്ഷേ നിലവിലത്തെ സാഹചര്യത്തിൽ ബിജെപിക്കുള്ളിൽ സുരേന്ദ്രന്റെ രാജി ആവശ്യപ്പെടുന്നവർക്ക് ലക്ഷ്യം കസേരയാകാനാണ് സാധ്യതയെന്നും അതിനാൽ അക്കാര്യത്തിൽ പ്രത്യേകമായൊരു നിലപാടറിയക്കാൻ ഇല്ലെന്നും സന്ദീപ് ജി വാര്യർ അറിയിച്ചു. അതേ സമയം മറ്റൊരു പാർട്ടിയുടെ ഉള്ളിലുള്ള കാര്യങ്ങളെകുറിച്ച് പറയാൻ താൻ ഇല്ലെന്ന് പറഞ്ഞ സന്ദീപ് വാര്യർ രാജി സന്നദ്ധത അറിയിച്ചിട്ട് എന്ത് കാര്യം അതിന്റെ ആക്ഷൻ പോലെ രാജി വച്ച് പോകുന്നതാണ് നിലപാട് എന്നും വ്യക്തമാക്കി.
അയ്യോ അച്ഛാ പോകല്ലേ എന്ന സിനിമാ ഡയലോഗിനോടുപമിച്ചാണ് സുരേന്ദ്രന്റെ രാജി സന്നദ്ധതയെ കുറിച്ച് സന്ദീപ് വാര്യർ പ്രതികരിച്ചത്.
അതേ സമയം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതോടെ ബിജെപിയിൽ ഒരുപറ്റം പ്രവർത്തകർ സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞിരുന്നു. സുരേന്ദ്രന്റെ രാജിയായിരുന്നു ഇവരുടെയെല്ലാം ആവശ്യം. ഈ ആവശ്യങ്ങൾ പരിഗണിച്ച് താൻ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു എന്നാണ് കെ സുരേന്ദ്രൻ പറയുന്നത്.
എന്നാൽ കേന്ദ്രം രാജിയുടെ ആവശ്വമില്ലെന്ന നിലപാടാണ് തന്നെ അറിയിച്ചതെന്നാണ് സുരേന്ദ്രൻ അറിയിച്ചിരിക്കുന്നത്. അതേസമയം പാലക്കാട്ടെ ബിജെപിയുടെ തോൽവിക്ക് കാരണം ശോഭാ സുരേന്ദ്രൻ പക്ഷമെന്നും ശോഭാ സുരേന്ദ്രന്റെ പക്ഷത്ത് നിന്ന് വലിയ രീതിയിൽ വോട്ടു ചോർന്നു എന്നാണ് നിഗമനമെന്നുമുള്ള ഗുരുതര ആരോപണമാണ് രാജി സന്നദ്ധയ്ക്കൊപ്പം കെ.സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത് എന്നാണ് വിവരം.
അതിനാൽ ഇനി ശോഭാ സുരേന്ദ്രൻ പക്ഷത്തിന്റെ നിലപാട് എന്തെന്ന് കാതോർക്കുകയാണ് രാഷ്ട്രീയ കേരളം. എന്തായാലും പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്കുള്ളിലും തമ്മിലടി രൂക്ഷമായി എന്ന സൂചനയാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.