
എട്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വിവാഹമോ? നാഗ ചൈതന്യ- ശോഭിത കല്യാണ വിശേഷങ്ങള്‍
ടോളിവുഡ് വീണ്ടും ഒരു കല്യാണം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ്. നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹത്തിന് മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. രണ്ടാം വിവാഹമാണെങ്കിലും അതി ഗംഭീരമായിട്ടാണ് ഇതും തെന്നിന്ത്യ കൊണ്ടാടുന്നത്. വളരെ ആഡംബര പൂര്‍ണ്ണമായിരുന്നു സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹം. പക്ഷേ അധികമായുസ്സ് ആ വിവാഹത്തിന് ഉണ്ടായില്ല. ഇപ്പോഴിതാ പുതിയ വിവാഹത്തിന്‍രെ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്. വിവാഹ ചടങ്ങ് എട്ട് മണിക്കൂറോളം കാണുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിനാണ് ഇവരുടെ വിവാഹം.
പരമ്പരാഗതമായ ആചാരങ്ങളോടെയായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് എട്ടോളം മണിക്കൂറുകള്‍ എടുക്കുന്നത്. ബ്രാഹ്‌മണാചാര പ്രകാരമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ചൈതന്യയ്ക്ക് വലിയൊരു കല്യാണത്തിന് താല്‍പ്പര്യമില്ലായിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ മാത്രമായ ഒരു ചടങ്ങാണ് അവന്‍ ആഗ്രഹിച്ചതെന്നും നാഗാര്‍ജുന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ അനുഗ്രഹത്തോടെ പരമ്പരാഗത ചടങ്ങോടെയാണ് അവനെ വീണ്ടും വിവാഹം കഴിപ്പിക്കുന്നതെന്നും നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തിരുന്നു.
ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹ വസ്ത്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ആന്ധ്രാപ്രദേശിലെ പോണ്ടുരുവില്‍ നെയ്ത ഒരു ലളിതമായ വെളുത്ത ഖാദി സാരിയും, പാരമ്പര്യം അനുസരിച്ച് ചൈതന്യയ്ക്കായി ഒരു മാച്ചിങ്ങായ ഡ്രസുമാണ് വിവാഹ വസ്ത്രമെന്നാണ് സൂചന. വിവാഹ നിശ്ചയത്തില്‍ വളരെ സംപിളായ ഡ്രസിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്.