ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേഷനുകളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ, എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ചിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മ. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് നടക്കുന്നത് പാലക്കാടാണ്. അവിടെയാണ് രാം ഗോപാല്‍ വര്‍മ എത്തിയത്. ഷൂട്ടിങ് ലൊക്കേഷൻ സന്ദർശിച്ചതിന്റെ ചില ചിത്രങ്ങളൂം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഞങ്ങളുടെ ജോലി അതായത് സംവിധാനം കൂടി തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് ഒരു സരസമായുള്ള ചോദ്യവും പൃഥ്വിരാജിനോട് രാം ഗോപാൽ വർമ ചോദിക്കുന്നുണ്ട്. കൂടാതെ എമ്പുരാന്റേത് ഗംഭീര യൂണിറ്റ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നു കുറിച്ച് പൃഥ്വിരാജും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“മോഡേണ്‍ ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്ന ഏതൊരു സംവിധായകനെയും പോലെ ഞാനും ഈ ഇതിഹാസത്തിന്‍റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്യാമറയെ കഥപറച്ചിലിനുള്ള ഒരു ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്‍റെ മാസ്റ്ററാണ് അദ്ദേഹം. സ്ഥിരമായ മുദ്രകള്‍ പതിപ്പിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും. ഈ രാജ്യത്തുനിന്നുള്ളവരിൽ എക്കാലത്തെയും ഏറ്റവും മികച്ചവരില്‍ ഒരാള്‍. ഈ സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചതും കലയെക്കുറിച്ചും സിനിമയെക്കുറിച്ചും അങ്ങയോട് സുദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. ആ പഴയ രാം ഗോപാല്‍ വര്‍മയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍” – എന്നാണ് പൃഥ്വിരാജ് കുറിച്ചത്.