
കൊച്ചി : മുകേഷ്, ജയസൂര്യ ഉൾപ്പെടെ നിരവധി സിനിമ താരങ്ങൾക്കെതിരെ ലൈംഗീകാരോപണവുമായി രംഗത്തെത്തിയ നടി വീണ്ടും രംഗത്ത്. ഇവർക്കെതിരായ പരാതി പിൻവലിക്കുന്നില്ലെന്നാണ് നടി ഇപ്പോൾ പറയുന്നത്. അതേസമയം, നടൻമാർക്കെതിരായ പരാതി പിൻവലിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നടി പറഞ്ഞത്. സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ കേസിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു നടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
എന്നാൽ കുടുംബത്തിന്റെ പിന്തുണ തനിക്കുണ്ട്. അതിനാൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നടി അറിയിച്ചു. കൂടാതെ നടന്മാർക്കെതിരെ തുറന്നുപറച്ചിലുകൾ നടത്തിയിട്ടും WCCയോ ഹേമ കമ്മിറ്റിയോ തന്നെ സമീപിച്ചിട്ടില്ലെന്നും നടി പറയുന്നു. ഇത്രയും കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടും തന്നെ ബന്ധപ്പെട്ടില്ല, ഈ ഒറ്റയാൾ പോരാട്ടം എന്തിനെന്ന് തോന്നി. ആ നിരാശയിലാണ് പരാതി പിൻവലിക്കാൻ തുനിഞ്ഞതെന്നും നടി പറയുന്നു. അതേസമയം, തനിക്കെതിരെ നിലവിലുള്ള പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ പ്രതിയാക്കിയ പൊലീസ് നടപടി അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.